അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം നാടിനെ ഓർമ്മപ്പെടുത്തുന്നത്…

അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം നാടിനെ ഓർമ്മപ്പെടുത്തുന്നത്…
അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം നാടിനെ ഓർമ്മപ്പെടുത്തുന്നത്…

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ വിവാദപൂര്‍ണ്ണമായ നീണ്ട 21 മാസങ്ങള്‍ ആയിരുന്നു ആ അടിയന്തരാവസ്ഥക്കാലം എന്നത്. അന്നത്തെക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് ഇന്ത്യന്‍ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വയം ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഭരിക്കുവാനും, തിരഞ്ഞെടുപ്പുകളും പൗരാവകാശങ്ങളും റദ്ദാക്കുവാനും, പരിമിതപ്പെടുത്തുവാനുമുള്ള അധികാരം ഇക്കാരണത്താല്‍ നല്‍കപ്പെട്ടു. 1975 ജൂണ്‍ 25 മുതല്‍ 1977 വരെ ആയിരുന്നു ആ അപ്രതീക്ഷിത അടിയന്തരാവസ്ഥ കാലഘട്ടം. ഇന്ദിരാ ഗാന്ധിയുടെ എതിരാളികള്‍ വളരെ നാളുകളായി ആരോപിച്ചുവന്നിരുന്ന ഒരു കാര്യമായിരുന്നു, കോണ്‍ഗ്രസ് പാര്‍ട്ടി 1971-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരക്കെ കൃത്രിമം കാട്ടിയിരുന്നു എന്നത്. ഗാന്ധിയന്‍ സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണ്‍ ബിഹാറില്‍ പ്രവിശ്യാ സര്‍ക്കാരിനെ മാറ്റുന്നതിനുവേണ്ടി പ്രക്ഷോഭം നടത്തിവരികയായിരുന്നു. അദ്ദേഹം സത്യാഗ്രഹത്തിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനെ പുറത്താക്കുവാന്‍ ജനകീയ പ്രക്ഷോഭം നടത്തുവാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. നാരായണും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാര്‍ഗ്ഗം സ്വീകരിച്ചായിരുന്നു ഇന്ത്യന്‍ സമൂഹത്തെ മാറ്റിമറിക്കുന്നതിനായി ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിനായി വിദ്യാര്‍ത്ഥികളെയും, കര്‍ഷകരെയും, തൊഴിലാളി സംഘടനകളെയും ഒരുമിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ശ്രമിച്ചത്. അതോടുകൂടി ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പില്‍ പല രാഷ്ട്രീയ കക്ഷികളുടേയും സഖ്യമായ ജനതാ പാര്‍ട്ടിയോട് തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ പാര്‍ട്ടി പരാജയമെന്തെന്നറിയുകയും, പാര്‍ലമെന്റില്‍ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നു.

അങ്ങനെ സംസ്ഥാന സര്‍ക്കാരുകളിലേക്കും കേന്ദ്രമന്ത്രിസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിര സ്വമേധയാ അമിതമായ അധികാരങ്ങള്‍ നല്‍കി. പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ എതിര്‍പ്പിനും എതിരെ വ്യാപകമായ അടിച്ചമര്‍ത്തല്‍ തുടങ്ങി. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വര്‍ഷങ്ങള്‍ ആയിരുന്നില്ല. എന്നിട്ടും രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു സര്‍ക്കാര്‍ ഈ അടിച്ചമര്‍ത്തലുകള്‍ക്ക് ന്യായീകരണമായി പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചു എന്നും സര്‍ക്കാര്‍ അരോപിച്ചു. അങ്ങനെ വ്യാപകമായ രാഷ്ട്രീയ എതിര്‍പ്പിനും, രാജ്യമൊട്ടാകെ പാര്‍ട്ടിയില്‍ അനുയായികള്‍ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തിലും ഇന്ദിര, വളരെ കുറച്ച് പാര്‍ട്ടി അനുഭാവികളുടെയും, ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും കൂട്ടുപിടിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെയും, ആയിരക്കണക്കണക്കിനു നേതാക്കളെയും രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, ചരണ്‍ സിംഗ്, രാജ നാരായണന്‍, ജെബി കൃപലാനി, അടല്‍ ബിഹാരി വാജ്‌പേയി, മധു ലിമയേ, ലാല്‍ കൃഷ്ണ അഡ്വാനി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ആര്‍.എസ്.എസ്, ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും രാജ്യത്തു നിരോധിക്കപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളും ധാരാളം അണികളും മാരകമായി പീഡിപ്പിക്കപ്പെട്ടു.

ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ ഒരു വശത്തു അരങ്ങേറുമ്പോഴും നിയമസഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങള്‍ തിരുത്തിയെഴുതുവാനുള്ള ശ്രമത്തിലായിരുന്നു ഇന്ദിര ഗാന്ധി. ലോകസഭയില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും, അധികാരം വേണ്ടത്ര വേഗതയില്‍ തന്റെ കൈയില്‍ എത്തുന്നില്ല എന്ന തോന്നല്‍ മനസ്സില്‍ കൊണ്ട് നടന്ന ഇന്ദിര പാര്‍ലമെന്റിനെ പൂര്‍ണ്ണമായി അവഗണിക്കുന്ന തരത്തില്‍ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങള്‍ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകള്‍ കൊണ്ടുള്ള ഭരണം ഇന്ദിരാ സാധിച്ചെടുത്തു.

രാജ്യത്തിന്റെ വ്യാവസായിക-കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുവാനും സര്‍ക്കാര്‍ പൊതുസേവനങ്ങള്‍ കാര്യക്ഷമമാക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്‌ക്കെതിരെ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിര്‍മ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസില്‍ നിന്നും ഇന്ദിരയെ പൂര്‍ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുവാനും ഇന്ദിരയ്ക്ക് പ്രയാസമുണ്ടായില്ല. ഇന്ദിരയ്ക്ക് എതിരായ പാര്‍ട്ടികള്‍ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് ഇന്ദിര, ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അണികളെയും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തു. ഈ അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന സംഭവം ഇന്ദിരയ്ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെങ്കിലും, ഭരണഘടനയുടെ മൂലക്കല്ലുകളും, അതിന്റെ അടിസ്ഥാന ഘടനയും ഇന്ത്യന്‍ പാര്‍ലമെന്റിന് തിരുത്താന്‍ പറ്റില്ല എന്ന സുപ്രീം കോടതി വിധിയായിരുന്നു.

ഇന്നിപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 49–ാം വാര്‍ഷികദിനം ഓര്‍മ്മപ്പെടുത്തുന്നത് ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ ബോധത്തെയാണ്. ജനങ്ങളുടെ പൗരാവകാശങ്ങളും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും നിഷേധിച്ച് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയ്ക്ക് 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയായിരുന്നു ജനങ്ങള്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ മോദിസര്‍ക്കാര്‍ പരീക്ഷിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയെയും ജനങ്ങള്‍ തള്ളി. ഭരണഘടന അട്ടിമറിക്കാന്‍ 400ല്‍ കൂടുതല്‍ ലോക്സഭാ സീറ്റ് ആവശ്യപ്പെട്ട ബിജെപിക്ക് വോട്ടര്‍മാര്‍ കേവല ഭൂരിപക്ഷം പോലും നല്‍കിയില്ല എന്നതും ജനാധിപത്യ ബോധം ഇന്നും പൂര്‍വാധികം ശക്തിയോടെ തന്നെ നിലനില്‍ക്കുന്നുണ്ട് എന്നുള്ളതിന് തെളിവാണ്.

10 വര്‍ഷത്തെ മോദി ഭരണവും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയായിരുന്നു. ന്യൂനപക്ഷങ്ങളെ തുടര്‍ച്ചയായി വേട്ടയാടി. ജാതിമത വെറിയുടെയും ഗോരക്ഷയുടെയും പേരില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് വേദിയായി മാറുകയായിരുന്നു നമ്മുടെ രാജ്യം. വിദ്യാഭ്യാസ രീതികള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടിയിരുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും നടപ്പാക്കി. അറിവ് പകര്‍ന്നു നല്‍കേണ്ടിയിരുന്ന വിദ്യാര്‍ത്ഥി മനസ്സുകളില്‍ ജാതിയുടെയും മതത്തിന്റെയും വിഷ വിത്തുകള്‍ പാകി മുളപ്പിച്ചു. അടിയന്തരാവസ്ഥയില്‍ സര്‍ക്കാരിന്റെ അതിരുവിട്ട നിരീക്ഷണം എല്ലാ മേഖലയിലും കടന്നുവന്നെങ്കില്‍ മോദിസര്‍ക്കാര്‍ വിദേശ ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നു. അതോടെ അടിയന്തരാവസ്ഥയിലും മോദിഭരണത്തിലും മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കാരിനുമുന്നില്‍ അടിയറവു പറയപ്പെട്ടു. ജനകീയ മുന്നേറ്റങ്ങള്‍ കൊണ്ടും ജനാധിപത്യ ബോധം കൊണ്ടും ഇന്ത്യന്‍ജനത അന്നും ഇന്നും ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചു. എന്നാല്‍ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണം തുടരുന്ന സാഹചര്യത്തില്‍ ഇനിയും ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

Top