നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സഫാരികോമിൻറെ 5ജി വിന്യാസം പുരോഗമിക്കുന്നു. കെനിയയിലെ 47 കൗണ്ടിയിലും 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കിയതായി രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ സഫാരികോം അറിയിച്ചതായി ടെലികോംടോക് റിപ്പോർട്ട് ചെയ്തു. കെനിയയിലെ ഏറ്റവും വലിയ 5ജി സേവനദാതാക്കളാണ് സഫാരികോം. കെനിയ സർക്കാരിന് 35 ശതമാനം ഓഹരിയുള്ള കമ്പനിയാണ് സഫാരികോം.
കെനിയയിൽ ഇതിനകം 1,114 ഫൈവ്ജി സൈറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് സഫാരികോമിൻറെ അവകാശവാദം. കെനിയയിൽ ആദ്യമായി 5ജി നെറ്റ്‌വർക്ക് 2022 ഒക്ടോബറിൽ അവതരിപ്പിച്ച കമ്പനിയാണ് സഫാരികോം. 5ജി വ്യാപനം കെനിയയിലെ വ്യവസായത്തിനും ഡിജിറ്റൽ ഇക്കോണമിക്കും ഗുണകരമാകും എന്ന് സഫാരികോം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കെനിയക്ക് പുറത്തേക്ക് ബിസിനസ് സ്വപ്നങ്ങൾ വ്യാപിപ്പിക്കാനാണ് ഇപ്പോൾ കമ്പനിയുടെ ശ്രമം. 2030ഓടെ ആഫ്രിക്കയിലെ ഏറ്റവും വലിയ പർപ്പസ്-ലെഡ് ടെക്‌നോളജി കമ്പനിയായി മാറാൻ സഫാരികോം ലക്ഷ്യമിടുന്നു. 5ജി വ്യാപനം ഗെയിമിംഗ്, സ്‌മാർട്ട് വെയർഹൗസിംഗ്, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരം തുറക്കും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
നെയ്‌റോബി ആസ്ഥാനമായിട്ടുള്ള സഫാരികോം കെനിയയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ സേവനദാതാവാണ്. മൊബൈൽ നെറ്റ്‌വർക്ക്, ഫൈബർ കണക്ഷന് പുറമെ മൊബൈൽ മണി ട്രാൻസ്ഫർ (M-Pesa), ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ, മ്യൂസിക് സ്ട്രീമിംഗ്, എസ്എംഎസ് തുടങ്ങിയ മേഖലകളിലും സഫാരികോം സജീവമാണ്. 2ജി, 3ജി, 4ജി, 5ജി നെറ്റ്‌വർക്കിലൂടെ 97 ശതമാനം കെനിയക്കാരിലും സഫാരികോം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ചരലക്ഷത്തിലേറെ കുടുംബങ്ങളും ബിസിനസ് സ്ഥാപനങ്ങളും സഫാരികോമിൻറെ അതിവേഗ ഇൻറർനെറ്റ് ഫൈബർ കണക്ഷൻ ഉപയോഗിക്കുന്നു. 780,000 ആക്‌ടീവ് 5ജി സ്‌മാർട്ട്ഫോണുകൾ കെനിയയിലുണ്ട് എന്നാണ് കണക്ക്.