പുനലൂർ: കഞ്ചാവ് കടത്തിയ കേസിൽ ഒളിവിൽകഴിയുകയായിരുന്ന പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുതവണ കരുതൽ തടങ്കൽ അനുഭവിച്ച പുനലൂർ സ്വദേശി നിസാമാണ് ഇപ്പോൾ പിടിയിലായത്. വിജയവാഡയിൽനിന്ന് ഏഴംഗ സംഘത്തോടൊപ്പം 30 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിലാണ് പിടിയിലായത്.
കഞ്ചാവ് കടത്തു സംഘത്തിലെ മറ്റു ചിലരെയും കഞ്ചാവുമായി കഴിഞ്ഞ ജൂലൈ 11ന് പുനലൂർ പൊലീസ് കുര്യോട്ടുമല ആദിവാസി കോളനിയില ഒരു വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. അന്ന് മുതൽ തന്നെ നിസാം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി ഒളിവിലായിരുന്നു. അവസാനം ഉണ്ടായിരുന്ന കോയമ്പത്തൂരിൽ പൊലീസ് എത്തിയതറിഞ്ഞ് ഉടനെ അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് കൊല്ലം വാടിയിൽ മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ രാത്രിയിലാണ് പിടിയിലായത്.
Also Read: അയൽവാസികളുടെ ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം
നിലവിൽ പുനലൂർ പൊലീസിൽ തന്നെ ഇയാൾക്കെതിരെ 13 കേസുണ്ട്. കാപ്പ പ്രകാരം രണ്ടുതവണ കരുതൽ തടങ്കൽ അനുഭവിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയതാണ്. അതിനു ശേഷം രണ്ടാം തവണ പുറത്തിറങ്ങിയാണ് വീണ്ടും കഞ്ചാവ് കടത്തിൽ ഏർപ്പെട്ടത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.