സി.പി.എം നേതാവിനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയും ബിഷ്ണോയി ഗ്യാങ്ങിനെ ഭയക്കുന്നു

അജിത് സര്‍ക്കാരിനെ കൊന്നുകളഞ്ഞ് ബീഹാറിനെ ഞെട്ടിച്ചവനാണിപ്പോള്‍ ബിഷ്‌ണോയി ഗ്യാങ്ങിന് മുന്നില്‍ ശരിക്കും ഭയന്നിരിക്കുന്നത്

സി.പി.എം നേതാവിനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയും ബിഷ്ണോയി ഗ്യാങ്ങിനെ ഭയക്കുന്നു
സി.പി.എം നേതാവിനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയും ബിഷ്ണോയി ഗ്യാങ്ങിനെ ഭയക്കുന്നു

ബീഹാറിലെ സി.പി.എം എം.എല്‍.എ ആയിരുന്ന അജിത് സര്‍ക്കാരിനെ വെടിവച്ച് കൊന്ന കേസിലെ പ്രതി ഇപ്പോള്‍ ജീവഭയത്താല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസ് എം.പിയും, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പപ്പു യാദവാണ് സ്വന്തം ജീവന്‍ രക്ഷിക്കാനിപ്പോള്‍ നെട്ടോട്ടമോടുന്നത്. കുപ്രസിദ്ധ കുറ്റവാളി സംഘമായ ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങിനെ വെല്ലുവിളിച്ചതാണ് പപ്പു യാദവിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.

ബീഹാറിന്റെ മണ്ണില്‍ പപ്പു യാദവും സംഘവും നടത്തിയ വെടിവയ്പില്‍ 107 വെടിയുണ്ടകളാണ് സി.പി.എം നേതാവായ അജിത് സര്‍ക്കാരിന്റെ ശരീരത്തില്‍ തറച്ചിരുന്നത്. 1998 ജൂണ്‍ 14നായിരുന്നു ബീഹാറിനെ നടുക്കിയ ഈ കൊലപാതകം അരങ്ങേറിയിരുന്നത്. ജനകീയനായ എംഎല്‍എ എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയ അജിത് സര്‍ക്കാര്‍ 1995 ലെ തിരഞ്ഞെടുപ്പില്‍ പപ്പു യാദവിനെ പരാജയപ്പെടുത്തിയതിലുള്ള പകയാണ് അക്രമത്തിന് കാരണമായിരുന്നത്.

Also Read: ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു

1980 മുതല്‍ തുടര്‍ച്ചയായി നാല് തവണയാണ് പുര്‍ണിയ മണ്ഡലത്തില്‍ നിന്നും സി.പി.എം പ്രതിനിധിയായി അജിത് സര്‍ക്കാര്‍ നിയമസഭയിലെത്തിയിരുന്നത്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഗ്രാമങ്ങളില്‍ മണ്‍കുടങ്ങള്‍ പ്രതിഷ്ഠിച്ച് ഒരു രൂപ നാണയം സംഭാവന സ്വീകരിച്ചാണ് പ്രചരണത്തിനുള്ള പണം അദ്ദേഹം സ്വരൂപിച്ചിരുന്നത്. ആ അജിത് സര്‍ക്കാരിനെ കൊന്നുകളഞ്ഞ് ബീഹാറിനെ ഞെട്ടിച്ചവനാണിപ്പോള്‍ ബിഷ്‌ണോയി ഗ്യാങ്ങിന് മുന്നില്‍ ശരിക്കും ഭയന്നിരിക്കുന്നത്.

Ajith Sarkar

ബിഷ്ണോയി ഗ്യാങ്ങിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും നടത്തിയ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് പപ്പു യാദവിന് വധഭീഷണിയെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന്, തനിക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബീഹാര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കത്ത് നല്‍കിയിരിക്കുകയാണ്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പപ്പു യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

Also Read: തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !

‘ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് രാജ്യത്തുടനീളം അക്രമങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കെതിരെ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ താന്‍ സംസാരിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമെന്നോണം വധഭീഷണി ലഭിച്ചിരിക്കുകയാണെന്നുമാണ്’ പപ്പു യാദവ് പറയുന്നത്. ബീഹാര്‍ സര്‍ക്കാരോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഇത് ഗൗരവത്തോടെ കാണുന്നില്ലെന്നും താന്‍ കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ ലോക്സഭയിലും നിയമസഭയിലും അനുശോചനമറിയിക്കാന്‍ മാത്രമേ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കൂവെന്നും -പപ്പു യാദവ് കത്തില്‍ തുറന്നടിച്ചിട്ടുണ്ട്. അതായത്, ബീഹാറിനെ വിറപ്പിച്ച ക്രിമിനലാണിപ്പോള്‍ ബിഷ്‌ണോയി ഗ്യാങ്ങിനെ ഭയന്ന് മാളത്തില്‍ ഒളിച്ചിരിക്കുന്നത് എന്നത് വ്യക്തം.

ബിഷ്ണോയി ഗ്യാങ്ങിലെ അംഗവും പപ്പു യാദവിന്റെ പി.എയും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്യാങ്ങിനെതിരെ ഇനിയും സംസാരിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തുന്നത്.

Lawrence Bishnoi

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബിഷ്ണോയി ഗ്യാങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി…പപ്പു യാദവ് രംഗത്തെത്തിയിരുന്നത്. ‘ഒരു സൈന്യമുള്ള രാജ്യമാണോ അതോ ഭീരുക്കളുടെ രാജ്യമാണോ നമ്മുടേത് എന്ന് ചോദിച്ച പപ്പു യാദവ് ജയിലില്‍ ഇരുന്നുകൊണ്ട് ഒരു ക്രിമിനല്‍, ആളുകളെ വെല്ലുവിളിക്കുന്നതായും കൊലപാതകം നടപ്പാക്കുന്നതായും ആരോപിക്കുകയുണ്ടായി.

ആദ്യം സിദ്ദു മൂസേവാല, പിന്നീട് കര്‍ണിസേന നേതാവ്, ഇപ്പോള്‍ ബാബ സിദ്ദിഖി… എന്നിങ്ങനെ, ആക്രമിക്കപ്പെട്ടവരുടെ പേരുകള്‍ എടുത്ത് പറഞ്ഞ പപ്പു യാദവ് ‘നിയമം അനുവദിക്കുകയാണെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയെപ്പോലുള്ള തുക്കടാ ക്രിമിനലുകളെ 24 മണിക്കൂറിനകം താന്‍ തന്നെ ഇല്ലാതാക്കിത്തരാം’ എന്നും എക്‌സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പപ്പു യാദവിന് ഭീഷണികളും ലഭിച്ചിരുന്നത്.

Also Read: ഇസ്രയേൽ ആക്രമണം പാളി, കൊല്ലപ്പെട്ടത് രണ്ട് ഇറാൻ സൈനികർ മാത്രം, തിരിച്ചടിക്ക് ഇറാൻ

2022ല്‍, പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും റാപ്പറുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്ണോയി സംഘം കൂടുതല്‍ ശ്രദ്ധ നേടുന്നത്. നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി ഗുജറാത്തിലെ സബര്‍മതി ജയിലിലാണെങ്കിലും അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന്… സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗൊദാര എന്നിവരും ചേര്‍ന്നാണിപ്പോള്‍ സംഘത്തെ നയിക്കുന്നത്. ജയില്‍ ബന്ധങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഷൂട്ടര്‍മാരെ കണ്ടെത്തി കൃത്യം നടപ്പാക്കുന്നതാണ് ഇവരുടെ രീതി.

എന്‍സിപി നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഈ സംഘം ദേശീയ ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ്. സിദ്ധിഖിക്ക് പിന്നാലെ നടന്‍ സല്‍മാന്‍ ഖാനും ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. സല്‍മാനുമായുള്ള അടുപ്പമാണ് സിദ്ധിഖിയെ ബിഷ്‌ണോയി സംഘത്തിന്റെ നോട്ടപ്പുള്ളിയാക്കിയിരുന്നത്. ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാന്‍ ഖാനോടുള്ള വൈര്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1998 ലാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ പകയ്ക്ക് കാരണമായ സംഭവങ്ങള്‍ നടക്കുന്നത്.

Salman khan

സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാനും കൂട്ടുകാരും ജോധ്പൂരിനടുത്ത് വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ച് കൊന്നു എന്നതില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.. ഈ സംഭവം ബിഷ്‌ണോയി സമൂഹത്തില്‍ വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടിട്ടില്ല. കേസ് നടന്നുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍, സല്‍മാന്‍ തന്നെയാണ് കുറ്റവാളിയെന്നാണ് ലോറന്‍സ് ബിഷ്‌ണോയി ആരോപിക്കുന്നത്. സല്‍മാനെതിരെ പലവട്ടം ആക്രമണശ്രമം ഉണ്ടായതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് അദ്ദേഹം ഇപ്പോള്‍ പുറത്തിറങ്ങാറുള്ളത്.

Also Read: അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി

ബിഷ്‌ണോയി സമുദായത്തെ സംബന്ധിച്ച് കൃഷ്ണമൃഗം ദൈവതുല്യമാണ്. 550 വര്‍ഷങ്ങളായി കാടിനെ സംരക്ഷിച്ച് ജീവിക്കുന്നവരാണിവര്‍. ഈ സമുദായത്തിന്റെ ഗുരു ജംബേശ്വരാണ്. കൃഷ്ണന്റെ പുനര്‍ജന്മമായാണ് ഇദ്ദേഹത്തെ ബിഷ്‌ണോയി സമൂഹം നോക്കിക്കാണുന്നത്. മരണശേഷം കൃഷ്ണമൃഗങ്ങളില്‍ തന്റെ അംശമുണ്ടാകുമെന്ന് ഇദ്ദേഹം പറഞ്ഞെന്നാണ് ഇവരെല്ലാം വിശ്വസിക്കുന്നത്. വിശുദ്ധ മൃഗമായാണ് കലമാനുകളെ ഇവര്‍ കാണുന്നത്. അമ്മയില്ലാത്ത കലമാനുകളെ ബിഷ്‌ണോയി സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെ പോലെയാണ് വളര്‍ത്തുന്നത്.

ബിഷ്‌ണോയി ക്ഷേത്രത്തില്‍ വന്ന് തങ്ങളുടെ ദൈവത്തിന് മുന്നില്‍ നിന്ന് മാപ്പ് പറഞ്ഞാല്‍… സല്‍മാനോട് ക്ഷമിക്കുമെന്ന് ലോറന്‍സ് ബിഷ്‌ണോയി മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതിന് സല്‍മാന്‍ ഖാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ബിഷ്‌ണോയി സംഘത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. അത് ഒടുവിലിപ്പോള്‍ സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തും സഹായിയുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിലും കലാശിച്ചിരിക്കുകയാണ്.

STAFF REPORTER

വിഡിയോ കാണാം

Top