കിളിമാനൂർ: കിളിമാനൂർ എക്സൈസ് പിടികൂടിയ കഞ്ചാവ് വിൽപനക്കേസിലെ പ്രതി കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. സംഭവം മറച്ചുവെക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിഷയം പുലർച്ചയോടെ നാട്ടിൽ പട്ടായി. ഓടിപ്പോയ പ്രതി ഊരി വഴിയരികിൽ ഉപേക്ഷിച്ച കൈവിലങ്ങ് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ വീണ്ടെടുക്കുകയായിരുന്നു.
ഓടിപ്പോയതിൽ ദുരൂഹത
കസ്റ്റഡിയിൽനിന്ന് ഓടി രക്ഷപ്പെട്ടത് അടയമൺ, കൊപ്പം, പണ്ടകശാലവീട്ടിൽ വാടകക്ക് താമസിക്കുന്ന അഭിലാഷാണ് (30). ഇയാളുടെ കയ്യിൽ നിന്നും 2.200 കി.ഗ്രാം കഞ്ചാവും അനധികൃതമായി കൈവശം വെച്ച ചാരായവുമായി ഇയാളെ കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ച പിടികൂടുകയായിരുന്നു. എന്നാൽ രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള നടപടികൾക്കിടെ ബാത്ത് റൂമിൽ പോയ അഭിലാഷ് അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read: എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം
പോലീസ് ഒരു രാപകൽ പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രാവിലെ പിടികൂടിയ പ്രതിയെക്കുറിച്ച് മാധ്യമങ്ങളെപ്പോലും അറിയിക്കാൻ അധികൃതർ തയാറാകാതിരിക്കെ പ്രതി രക്ഷപ്പെട്ടതിനു പിന്നിൽ ഏറെ ദുരൂഹത ഉയരുന്നുണ്ട്.