കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തിൽ നടനും എംഎൽഎയുമായ മുകേഷിൻ്റെ പ്രതികരണത്തിന് മറുപടിയുമായി ആരോപണം ഉന്നയിച്ച നടി. മുകേഷ് എംഎൽഎയുടെ ആരോപണങ്ങൾ നടി നിഷേധിച്ചു. 2009ൽ തനിക്ക് വാട്സാപ്പ് ഇല്ലായിരുന്നു. 2008ൽ സിനിമയിൽ അഭിനയിക്കാനായി ഗൾഫിൽ നിന്ന് വന്നതായിരുന്നുവെന്നും നടി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
മുകേഷിൻ്റെ വീട്ടിൽ പോയിട്ടില്ലെന്ന് നടി വ്യക്തമാക്കി. മുകേഷിനോട് അവസരങ്ങൾ ചോദിച്ചിട്ടില്ല. മുകേഷിനെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നത് പച്ചക്കള്ളമാണ്. മുകേഷ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും നടി ആരോപിച്ചു.
Also read: രേവതി സമ്പത്തിന് എതിരെ പൊലീസ് അന്വേഷണം, പരാതി പ്രത്യേക അന്വേഷണ സംഘത്തിന്
നടിയുടെ പ്രതികരണം ചുവടെ:
‘2009ൽ വാട്സാപ്പ് ഇല്ല, വാട്സാപ്പ് ഉണ്ടങ്കിലല്ലെ മാന്യമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് പറയാൻ സാധിക്കുകയുള്ളൂ. 2009 മുതൽ അറിയുമെന്ന് പറഞ്ഞതിൽ നന്ദി. ബോംബെയിലുള്ള കാസ്റ്റിങ് ഡയറക്ടറെ, ആ കുട്ടിയെ അറിയില്ലെന്ന് പറഞ്ഞല്ലോ. എന്നെ അറിയാമെന്ന് പറഞ്ഞതിൽ സന്തോഷം. മുകേഷ് ചേട്ടൻ്റെ അടുത്ത് പോയി അവസരം ചോദിക്കാനും മാത്രം അദ്ദേഹം ഒരു ഡയറക്ടർ അല്ല. അദ്ദേഹം ഒരു കാസ്റ്റിങ് ഡയറക്ടറുമല്ല. ഒരു സിനിമയിൽ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നത് ഡയറക്ടറും പ്രൊഡ്യൂസറുമാണ്. അവസരം തരാൻ ഇദ്ദേഹം ആരാണെന്ന് എനിക്കറിയില്ല. ഇദ്ദേഹത്തോട് മാത്രമല്ല ഫ്രണ്ട്സായവരോട് പോലും അവസരം ചോദിച്ചിട്ടില്ല.
നമ്മുടെ ഫിഗറിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ ഉണ്ടെങ്കിലല്ലേ നമ്മളെ വിളിക്കാൻ പറ്റുകയുള്ളൂ. ഞാൻ ഒരു ദൈവ വിശ്വാസിയാണ്. സമയമാകുമ്പോൾ നമ്മക്കുള്ളത് നമ്മളെ തേടിയെത്തും, വിധിച്ചതേ വരുകയുള്ളൂ. മമ്മുട്ടിയുടെ ക്യാരക്ടർ വേണമെന്ന് ഞാൻ ആശിക്കാൻ പാടില്ല. കാരണം ഞാൻ ഒരു സ്ത്രീയാണ്. അതുകൊണ്ട് ഇന്നുവരെ ഫ്രണ്ട്സിനോട് പോലും അവസരം ചോദിച്ചിട്ടില്ല. നാളെ ജീവിച്ചിരിക്കുമോ എന്ന് നമുക്കറിയത്തില്ല. നാളത്തെ കുറിച്ച് ഒരു ഗ്യാരണ്ടിയുമില്ല. എനിക്ക് പറഞ്ഞിട്ടുള്ളത് നാളെ ആ സമയമാകുമ്പോൾ ലഭിക്കും. നാളെ എന്ത് നടക്കാൻ പോകുന്നുെവന്നുള്ളത് ദൈവത്തിൻ്റെ കയ്യിലാണ്. നാളെ എന്ത് നടക്കുമെന്ന് എനിക്കറിയത്തില്ല, സത്യം. അവസരം ചോദിക്കാൻ പോകുന്നത് നാണക്കേടുള്ള കാര്യമല്ല. പക്ഷേ ഞാൻ ചോദിച്ചിട്ടില്ല.
എനിക്ക് വീട് പോലും അറിയത്തില്ല. അദ്ദേഹത്തിന് വീടൊക്കെയുണ്ടോ, ഞാനൊന്നും പോയിട്ടില്ല കൊല്ലത്ത്. ദുബായിൽ വർക്ക് ചെയ്യുകയായിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയെ’ എന്ന സിനിമയിൽ അഭിനയിക്കാൻ മാത്രമായി ഒരുമാസത്തെ ലീവെടുത്ത് ഓടിവന്നതാണ്. അപ്പോൾ തന്നെ തിരിച്ചുപോയി. പോയിട്ട് പിന്നേം വന്നതാണു ഞാൻ. അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണ്. 2008ൽ ആൽബമൊന്നുമില്ല, 2012ലാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് ഫോട്ടോപോലുമില്ല. ഇത് പച്ചക്കള്ളമായി ഞാൻ പ്രഖ്യാപിച്ചിരിക്കുന്നു.
ഞാൻ ബ്ലാക്ക് മെയിൽ ചെയ്തതിന് തെളിവുണ്ടെങ്കിൽ അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരാക്കട്ടെ. എംഎൽഎയുടെ പദവിയിലാണ് ഇരിക്കുന്നത്. ഇദ്ദേഹത്തെ ഏതോ ഒരു സ്ത്രീ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്യുമ്പോൾ എന്തുകൊണ്ട് അതിൽ കേസെടുത്തില്ല. ഇദ്ദേഹം ഏതൊരു സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞാലും കേസെടുക്കുമല്ലോ? ഇപ്പോൾ ഞാൻ ഒരു കാര്യം ഉന്നയിച്ചപ്പോഴാണോ ഇതു പറയേണ്ടത്. 2 വർഷമായിട്ട് എന്റെ പൊന്നു ചേട്ടാ എന്താ മിണ്ടാതിരുന്നേ?’, നടി പ്രതികരിച്ചു.