കൊച്ചി: താരസംഘടന എഎംഎംഎയുടെ അഡ്‌ഹോക് കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയെന്ന വാർത്ത നിഷേധിച്ച് നടൻ ജഗദീഷ്. എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഒഴിവായത്. അവിടെ നിന്നും നേരത്തെ തന്നെ ഒഴിവായിരുന്നുവെന്നും ജഗദീഷ് പ്രതികരിച്ചു.താൽക്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി മൂലമാണ് പുറത്തേക്ക് പോയതെന്ന വാദവും ജഗദീഷ് തള്ളി. അഡ്‌ഹോക് കമ്മിറ്റി ഇതുവരെയും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടില്ല. രൂപീകരിച്ചാൽ അതിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്കിടെയാണ് എഎംഎംഎ നിലവിലെ എകിസിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. എഎംഎംഎയിൽ അംഗങ്ങളായ താരങ്ങൾക്കെതിരെ അടക്കം ലൈംഗികാതിക്രമ കേസുകൾ വന്നതോടെ കമ്മിറ്റി പിരിച്ചുവിട്ടതായി സംഘടന അധ്യക്ഷൻ മോഹൻലാൽ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് താൽക്കാലിക കമ്മിറ്റി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയതിനെ ജഗദീഷ് വിമർശിച്ചിരുന്നു.