CMDRF

മലയാള സിനിമയെ സുരക്ഷിത മേഖലയാക്കുകയാണ് ലക്ഷ്യം: രേവതി

മലയാള സിനിമയെ സുരക്ഷിത മേഖലയാക്കുകയാണ് ലക്ഷ്യം: രേവതി
മലയാള സിനിമയെ സുരക്ഷിത മേഖലയാക്കുകയാണ് ലക്ഷ്യം: രേവതി

കോഴിക്കോട്: വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് നടിയും വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗവുമായ രേവതി. റിപ്പോർട്ടിലുള്ളത് എല്ലാം അറിയാവുന്ന കാര്യമാണ്. അതിനാലാണ് ഇത് പുറത്തുവരാനായി നിരന്തരം പ്രയത്നിച്ചത്. മലയാള സിനിമാ വ്യവസായത്തെ സുരക്ഷിത മേഖലയാക്കി മാറ്റാൻ വേണ്ടിയാണ് ഡബ്ല്യു.സി.സി ഇത്രയും കഷ്ടപ്പെട്ടത്.

റിപ്പോർട്ട് വായിച്ചശേഷം അടുത്തഘട്ട പരിപാടികൾ ആലോചിക്കും. ഡബ്ല്യു.സി.സി അംഗങ്ങളും അല്ലത്തവരും കമ്മിറ്റി മുമ്പാകെ മൊഴികൾ നൽകിയിട്ടുണ്ടെന്നും രേവതി പറഞ്ഞു.

അതേസമയം, അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പൊലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്.

Top