വിപണിയുടെ പൾസറിഞ്ഞ് പുതുമോഡലുകൾ പുറത്തിറക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള കമ്പനിയാണ് ഹ്യുണ്ടായ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നാണ് വിപണിയിലെ സാന്നിധ്യം തെളിയിക്കുന്നത്. ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന പുതിയ അൽകസാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിക്കാൻ മുഹൂർത്തം കുറിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. 7 സീറ്റർ എസ്.യു.വിയുടെ ഏറ്റവും പുത്തൻ പതിപ്പ് സെപ്റ്റംബർ ഒമ്പതിന് ഇന്ത്യയിലെത്തും.
ഈ വർഷം ആദ്യം പുറത്തിറക്കിയ പുതിയ ക്രെറ്റയ്ക്ക് ഗംഭീര വരവേൽപ്പാണ് വിപണിയിൽ ലഭിച്ചത്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളിൽ ഒരുലക്ഷം യൂണിറ്റ് വിൽപനയാണ് എസ്.യു.വിയെ തേടിയെത്തിയത്. വിപണിയിൽ ഓളം തീർത്തില്ലെങ്കിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ അൽകസാറിന് സാധിച്ചിട്ടുണ്ട്. ആളുകളെ ആകർഷിക്കുന്നതിനായി പുതുരൂപം നൽകിയ വാഹനത്തിന്റെ അവസാനവട്ട പരീക്ഷണയോട്ടത്തിലാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ. സ്‌പോർട് യൂട്ടിലിറ്റി വാഹനത്തിൽ 7-സീറ്റർ സെഗ്മെന്റ് അടക്കിവാഴാനുള്ള എല്ലാകാര്യങ്ങളും കോർത്തിണക്കിയാണ് വാഹനം എത്തുന്നത്.
ഇന്റീരിയറിലും എക്റ്റീരിയറിലും ഒരുപോലെ മാറ്റം വരുത്തി സ്‌പോർട്ടി ലുക്കിലായിരിക്കും വാഹനം എത്തുക. ക്രെറ്റയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ എൽ.ഇ.ഡി ഡി.ആർ.എല്ലുകളും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഹെഡ് ലാമ്പുകളുമായിരിക്കും വാഹനത്തിനുണ്ടായിരിക്കുക. പുതുക്കി ഡിസൈൻ ചെയ്ത അലോയ് വീലുകളും വാഹനത്തിന്റെ ഭംഗി വർധിപ്പിക്കും.
വശങ്ങളിലേക്ക് വന്നാൽ പുതിയ ക്രീസുകളും സ്‌കിഡ് പ്ലേറ്റുകളും നൽകി മനോഹരമാക്കിയിട്ടുണ്ട്. പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ എന്നിവ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിനെ കുടുതൽ അഗ്രസീവാക്കിയിട്ടുണ്ട്. വേരിയന്റിൽ മാറ്റമുണ്ടാവില്ലെങ്കിലും ഇന്റീരിയറിൽ സമഗ്ര മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ട്. ക്രെറ്റയിൽനിന്ന് വേറിട്ടുനിൽക്കാനുള്ള ശ്രമമാവും അകത്തളത്തിലുണ്ടാവുക. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നീ സവിശേഷതകളെല്ലാം എസ്.യു.വിയുടെ ഭാഗമായിരിക്കും. 20ൽ അധികം സേഫ്റ്റി ഫീച്ചറുകളുള്ള ലെവൽ 2 അഡാസ് 360 ഡിഗ്രി ക്യാമറ യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ പാൻ സൺറൂഫ് എന്നീ മോഡേൺ ടെക്കുകളാലും അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായിരിക്കും.
നിലവിലുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾ തന്നെയായിരിക്കും പുതുക്കിയ എസ്.യു.വിയിലും ഉണ്ടാവുക. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്സുകളും ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്.യു.വിയുടെ ഭാഗമാവും. അൽകാസറിന് നിലവിൽ 16.80 ലക്ഷം മുതൽ 21.30 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പുതുക്കിയ മോഡൽ എത്തുമ്പോൾ വിലയിലും മാറ്റമുണ്ടാവും. ടാറ്റ സഫാരി, എം.ജി ഹെക്ടർ പ്ലസ്, മഹീന്ദ്ര എക്‌സ്.യു.വി, മഹീന്ദ്ര സ്‌കോർപിയോ എൻ തുടങ്ങിയ വഹനങ്ങളായിരിക്കും പ്രധാന എതിരാളികൾ.