CMDRF

സി.പി.എം – ബി.ജെ.പി ഒത്തുകളിയെന്ന ആരോപണം പൊളിഞ്ഞു, ഉപതിരഞ്ഞെടുപ്പിൽ ഇനി ആ പ്രചരണം ഏശില്ല

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് പാലക്കാട്ടെ കോണ്‍ഗ്രസ്സില്‍ ഉണ്ടായ പൊട്ടിത്തെറി ഏറ്റവും അധികം ഗുണം ചെയ്യാന്‍ സാധ്യതയുള്ളതും ഇടതുപക്ഷത്തിനാണ്

സി.പി.എം – ബി.ജെ.പി ഒത്തുകളിയെന്ന ആരോപണം പൊളിഞ്ഞു, ഉപതിരഞ്ഞെടുപ്പിൽ ഇനി ആ പ്രചരണം ഏശില്ല
സി.പി.എം – ബി.ജെ.പി ഒത്തുകളിയെന്ന ആരോപണം പൊളിഞ്ഞു, ഉപതിരഞ്ഞെടുപ്പിൽ ഇനി ആ പ്രചരണം ഏശില്ല

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍, മുന്നണികളിലെ ആശങ്കകളും വര്‍ദ്ധിക്കുകയാണ്. ഏറ്റവും ശക്തമായ ത്രികോണ മത്സരങ്ങളാണ് പാലക്കാട് – ചേലക്കര മണ്ഡലങ്ങളില്‍ നടക്കാന്‍ പോകുന്നത്. കേവലം 3,859 വോട്ടുകള്‍ക്കാണ് 2021-ല്‍ ഷാഫി പറമ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നത്. അന്ന്, ചുണ്ടിനും കപ്പിനും ഇടയില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാലക്കാട് പിടിച്ചെടുക്കാന്‍ ഇത്തവണ ബി.ജെ.പി പഠിച്ച പണി പതിനെട്ടും നോക്കും.

കഴിഞ്ഞ തവണ മത്സരിച്ച മെട്രോമാന്‍ ശ്രീധരനെ പോലെ , പൊതു സ്വീകാര്യനായ ഒരു നേതാവിനെ നിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലങ്കില്‍ പാലക്കാട്ടെ കാവി പാളയത്തിലും വോട്ട് ചോര്‍ച്ചയുണ്ടാകും. പാലക്കാട് സ്ഥാനാര്‍ത്ഥിയാകാന്‍ കരുക്കള്‍ നീക്കിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്, ഇപ്പോഴുണ്ടായ അപ്രതീക്ഷിതമായ ഹൈക്കോടതി വിധി തിരിച്ചടിയായിട്ടുണ്ട്. മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

shafi parambil

സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇത്തരം ഒരു ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ വാദം നടക്കും. സിപിഎം – ബിജെപി ഒത്തുകളി മൂലമാണ് കീഴ്‌ക്കോടതിയില്‍ നിന്നും സുരേന്ദ്രന്‍ രക്ഷപ്പെട്ടതെന്ന ആരോപണം യു.ഡി.എഫ് പാലക്കാട്ടും ചേലക്കരയിലും തിരഞ്ഞെടുപ്പ് ആയുധമാക്കാനിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവോടെ അതും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആര്‍എസ്എസ് ഡീല്‍ എന്ന പ്രചരണം ഇനി യു.ഡി.എഫ് ഉയര്‍ത്തിയാല്‍ അത് ഏശാന്‍ സാധ്യതയില്ല.

Read Also: പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പി വി അന്‍വര്‍

കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തരാക്കിയിരുന്നത്. സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതികള്‍ക്ക് മേല്‍ ചുമത്തിയ വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്റെയും പ്രൊസിക്യൂഷന്റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകര്‍പ്പില്‍ അക്കമിട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍, ഇനി വീണ്ടും ഇരു വിഭാഗത്തിന്റെയും വാദം കേള്‍ക്കേണ്ടി വരും. അതായത്, നടപടി ക്രമങ്ങള്‍ ഇനിയും നീളുമെന്നത് വ്യക്തം.

K Surendran

സുരേന്ദ്രന്‍ രക്ഷപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നത് , തീര്‍ച്ചയായും ഇടതുപക്ഷത്തിന് ഇനി ന്യായീകരിക്കാന്‍ കഴിയും. അനുകൂലമായ വിധി സ്റ്റേ ചെയ്യപ്പെട്ട സാഹചര്യത്തില്‍, സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വവും തയ്യാറാവുകയില്ല. സുരേന്ദ്രനും അതു തന്നെയാണ് ആഗ്രഹിക്കുന്നുണ്ടാവുക. പൊതുസമ്മതനല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍, പാലക്കാട്ടെ ബി.ജെ.പിയുടെ പ്രതീക്ഷ ഇത്തവണയും തകരും. ബി.ജെ.പി രണ്ടാമത് എത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ അവസ്ഥയല്ല ഇത്തവണ പാലക്കാട്ട് ഉള്ളത്. നടക്കുന്നത് ഉപതിരഞ്ഞെടുപ്പാണ്.

Read Also: പി സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ; സിപിഐഎമ്മിനോട് സമ്മതം മൂളി സരിൻ

ഇവിടെ മുന്നേറാന്‍ കഴിഞ്ഞില്ലങ്കില്‍ അത് കേരളത്തിലെ ബി.ജെ.പിയുടെ സകല സാധ്യതകളെയും ബാധിക്കും. തൃശൂര്‍ നല്‍കിയ ആവേശം ആവിയാകാനും പാലക്കാട് പരാജയപ്പെട്ടാല്‍, അത് കാരണമാകും. പിന്നെ ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി 11 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലാണെന്നും ഒന്‍പതിടത്ത് രണ്ടാം സ്ഥാനത്താണെന്ന് പറഞ്ഞിട്ടും കാര്യമുണ്ടാവുകയില്ല. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ സകല സംവിധാനങ്ങളും പാലക്കാട് കേന്ദ്രീകരിക്കപ്പെടും. അതായത്, ഇടതുപക്ഷ വോട്ടുകള്‍ ഷിഫ്റ്റ് ചെയ്യപ്പെടുന്ന പതിവ് രീതി ഇത്തവണ ഉണ്ടാകില്ല.

CPIM

ഇത് പ്രത്യക്ഷത്തില്‍ യു.ഡി.എഫിനെയാണ് വല്ലാതെ ബാധിക്കുകയെങ്കിലും ബി.ജെ.പിയും കരുതിയിരിക്കേണ്ടതായി വരും. കാരണം ശബരിമല വിഷയത്തിനു ശേഷം പാലക്കാട്ടും, ധാരാളം ഇടതുപക്ഷ വോട്ടുകള്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിട്ടുണ്ട്. ഈ വോട്ടുകള്‍ ഇത്തവണ തിരിച്ച് പോയാല്‍ അത് പാലക്കാട്ടെ ബി.ജെ.പിയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കും.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് പാലക്കാട്ടെ കോണ്‍ഗ്രസ്സില്‍ ഉണ്ടായ പൊട്ടിത്തെറി ഏറ്റവും അധികം ഗുണം ചെയ്യാന്‍ സാധ്യതയുള്ളതും ഇടതുപക്ഷത്തിനാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ മേനേജ് ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ പിന്നെ അധികമായി കിട്ടുന്ന ഒരോ വോട്ടും ഇടതുപക്ഷത്തിന് ബോണസായിരിക്കും.

കോണ്‍ഗ്രസ്സിനെ ഏറ്റവും അധികം ആശങ്കപ്പെടുത്തുന്നതും ഇക്കാര്യങ്ങളാണ്. ഇടതുപക്ഷം വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ബി.ജെ.പി ജയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വവും കോണ്‍ഗ്രസ്സിനു മാത്രമായി മാറും. ഇടതുപക്ഷം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചെന്ന വാദവും, അത്തരം ഘട്ടത്തില്‍ എന്തായാലു കോണ്‍ഗ്രസ്സിന് ഉയര്‍ത്താന്‍ കഴിയുകയില്ല. പൂരം കലക്കിയാണ് തൃശൂരില്‍ ബി.ജെ.പിയെ ഇതുപക്ഷം വിജയിപ്പിച്ചത് എന്നു പറയുന്ന വാദത്തിന്റെ മുനയും അതോടെ ഒടിയും. ഈ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും, ചേലക്കര നിലനിര്‍ത്തുവാനും പാലക്കാട് വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞാല്‍ അത് രാഷ്ട്രീയമായി ഇടതുപക്ഷത്തിനും പിണറായി സര്‍ക്കാറിനും വലിയ നേട്ടമായി മാറും. യു.ഡി.എഫിന്റെ 2026-ലെ പ്രതീക്ഷകളും അതോടെ അസ്തമിക്കും.

Express View

വീഡിയോ കാണാം

Top