യുക്രൈയിനിലെ അമേരിക്കൻ ‘ഇടപെടൽ’ പാളി, തന്ത്രം മാറ്റി റഷ്യ, ഇനി ആണവായുധവും പ്രയോഗിക്കാം!

യുക്രൈയിനിലെ അമേരിക്കൻ ‘ഇടപെടൽ’ പാളി, തന്ത്രം മാറ്റി റഷ്യ, ഇനി ആണവായുധവും പ്രയോഗിക്കാം!
യുക്രൈയിനിലെ അമേരിക്കൻ ‘ഇടപെടൽ’ പാളി, തന്ത്രം മാറ്റി റഷ്യ, ഇനി ആണവായുധവും പ്രയോഗിക്കാം!

ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനാണ്. അക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡിന് പോലും സംശയം ഉണ്ടാകുകയില്ല. അത്തരമൊരു രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ആയുധങ്ങള്‍ ഏന്തി, യുക്രെയിന്‍ സൈനികര്‍ വന്നു എന്നു പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നത് ലോക രാഷ്ട്രീയം വീക്ഷിക്കുന്ന ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. യഥാര്‍ത്ഥത്തില്‍ റഷ്യ ഒരുക്കിയ കെണിയിലാണ് യുക്രെയിന്‍ സൈന്യവും അമേരിക്കയും വീണിരിക്കുന്നത്.

ഇറാനിലേക്ക് വന്‍ തോതില്‍ ആയുധങ്ങള്‍ റഷ്യ നല്‍കുകയും ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ റഷ്യ ഇടപെടുമെന്ന ഭീതിയുമാണ് അമേരിക്കയുടെ കഴുകന്‍ കണ്ണുകളെ റഷ്യന്‍ അതിര്‍ത്തിയെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. യുക്രെയിന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിയില്‍ കയറിയാല്‍ റഷ്യയുടെ ശ്രദ്ധമാറുമെന്നും, ഇറാനെ കൂടുതല്‍ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നുമാണ് അമേരിക്ക കരുതിയിരിക്കുന്നത്.

ഈ ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രക്തസാക്ഷികളാകാന്‍ യുക്രെയിന്‍ സൈന്യത്തെ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പറഞ്ഞ് വിട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ ഇസ്രയേലിന്റെ ബുദ്ധിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി ഒരു ജൂതനാണെന്ന കാര്യവും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. യുക്രെയിന് എതിരെ ആക്രമണം നടത്താന്‍ നിരവധി ഡ്രോണുകള്‍ റഷ്യയ്ക്ക് നല്‍കിയിരുന്നത് ഇറാനാണ്. ഈ പക കൂടി മനസ്സില്‍ വച്ചാണ് ഇറാന്‍-ഇസ്രയേല്‍ യുദ്ധം ആസന്നമായ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിന് സെലന്‍സ്‌കി പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

2022 ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രദേശത്ത് കടന്നുള്ള യുക്രെയിനിന്റെ ഏറ്റവും വലിയ നീക്കമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതേസമയം, കുര്‍സ്‌ക് പടിഞ്ഞാറന്‍ മേഖലയില്‍ വന്‍ സന്നാഹത്തോടെ കടന്നുകയറിയ യുക്രെയിന്‍ സേന ഉപയോഗിച്ച നിരവധി അമേരിക്കന്‍-ബ്രിട്ടണ്‍ നിര്‍മിത ടാങ്കുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ റഷ്യന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, റഷ്യന്‍ ഭൂപ്രദേശത്ത് പുതിയ സൈനിക ഓഫീസ് തുറന്നതായാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. 1150 ചതുരശ്രകിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാണെന്നും അവര്‍ പറയുന്നുണ്ട്. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്‌കില്‍ സൈനിക ഓഫീസ് തുറന്നതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ക്രമസമാധാനനില ഉറപ്പാക്കാനും, ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുമാണ് ഓഫീസ് തുറന്നതെന്നാണ് യുക്രെയിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഓഫീസ് സ്ഥാപിച്ച വിവരം സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

റഷ്യയുടെ വന്‍ സൈനികവ്യൂഹം പ്രദേശത്തേക്ക് പുറപ്പെട്ടതോടെ ”റഷ്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ യുക്രെയിന് യാതൊരു താത്പര്യവുമില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്.

രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യയ്ക്ക് നേരേയുണ്ടാകുന്ന ഏറ്റവും വലിയ കര അധിനിവേശമാണിതെന്നും 10,000-ലേറെ യുക്രെയിന്‍ സൈനികര്‍ അതില്‍ പങ്കാളികളായിട്ടുണ്ടാകാമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് ലോകത്തെ തന്നെ ഭയപ്പെടുത്തുന്നതാണ്.

അതിര്‍ത്തി കടന്ന് ഏത് രാജ്യം അകത്ത് കയറിയാലും ആ രാജ്യങ്ങള്‍ക്ക് ഏതൊക്കെ രാജ്യങ്ങള്‍ പിന്തുണ നല്‍കിയാലും അവിടങ്ങളിലെല്ലാം ആണവായുധം ഉള്‍പ്പെടെ പ്രയോഗിക്കാമെന്നതാണ് റഷ്യയുടെ പ്രഖ്യാപിത നയം. അതിനുള്ള ഒരവസരമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

2022-ല്‍ തുടങ്ങിയ റഷ്യ-യുക്രെയിന്‍ യുദ്ധത്തെ ഇപ്പോഴും ഒരു സൈനിക നടപടി മാത്രമായി കാണുന്ന റഷ്യ വരും ദിവസങ്ങളില്‍ ഒരു യുദ്ധപ്രഖ്യാപനം നടത്തിയാല്‍ പോലും അത്ഭുതപ്പെടാനില്ല. അത്തരമൊരു പ്രഖ്യാപനത്തോടെ വന്‍ നാശം വിതയ്ക്കുന്ന ആയുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യയ്ക്ക് സാധിക്കും. യുക്രെയിനില്‍ തുടങ്ങി അമേരിക്ക വരെ വ്യാപിക്കുന്ന യുദ്ധമായാണ് അത് മാറുക. അത്തരം ഒരു മൂന്നാംലോക മഹായുദ്ധത്തെ നയിക്കാന്‍ ശേഷിയുള്ള പ്രസിഡന്റ് തന്നെയാണ് റഷ്യയെ ഇപ്പോള്‍ നയിച്ച് കൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ റഷ്യ, യുക്രെയിനില്‍ ആണവായുധം പ്രയോഗിച്ചാല്‍ പോലും അത് ന്യായീകരിക്കപ്പെടും. റഷ്യയില്‍ ശത്രുസൈന്യം കയറിയതും, സൈനിക ഓഫീസ് തുറന്നതും വന്‍ പ്രഖ്യാപനം ഉണ്ടാക്കുന്ന കാര്യമാണ്. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കയറിയുള്ള ഇടപെടലാണത്.

റഷ്യയ്ക്ക്, യുക്രെയിനില്‍ കയറേണ്ടി വന്നത് ആ രാജ്യം അമേരിക്കയുടെ സൈനിക താവളമായി മാറ്റാന്‍ നീക്കമുണ്ടായപ്പോള്‍ മാത്രമാണ്. നാറ്റോയില്‍ അംഗത്വം നേടി, അമേരിക്കന്‍ മിസൈലുകള്‍ റഷ്യന്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കാനുള്ള നീക്കമാണ് ഇതു വഴി റഷ്യ ചെറുത്തത്. അതാകട്ടെ ആ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ യുക്രെയിന്‍ ചെയ്തത് സര്‍വ്വനാശം വിളിച്ചു വരുത്തുന്ന പ്രവര്‍ത്തിയാണ്. ഈ പ്രവര്‍ത്തിയുടെ ഫലം അവര്‍ എന്തായാലും അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ.

ഇറാനെ റഷ്യ സഹായിക്കുന്നത് ചെറുക്കാന്‍ അമേരിക്ക നടത്തിയ ഈ പ്രതിരോധ തന്ത്രം അവര്‍ക്ക് തന്നെയാണ് തിരിച്ചടിക്കുക. ലോകത്തെ തന്നെ ഏറ്റവും വലിയ രാജ്യം മാത്രമല്ല, അമേരിക്കയേക്കാള്‍ ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യം കൂടിയാണ് റഷ്യ. കടുത്ത തീരുമാനം എടുക്കാന്‍ അമേരിക്കയുടെ സിസ്റ്റത്തില്‍ ചില നടപടി ക്രമങ്ങള്‍ ഒക്കെയുണ്ട്. എന്നാല്‍, റഷ്യയെ സംബന്ധിച്ച് എന്ത് തീരുമാനം എടുക്കാനും പുടിന്‍ മാത്രം വിചാരിച്ചാല്‍ മതി. അമേരിക്ക ചിന്തിക്കും മുന്‍പ് പ്രവര്‍ത്തിക്കാന്‍ അതുവഴി റഷ്യയ്ക്കാണ് എളുപ്പത്തില്‍ കഴിയുക. ഉത്തര കൊറിയയുടെ ആണവ മിസൈലിനെ പോലും പേടിക്കുന്ന അമേരിക്ക റഷ്യയുടെ വിശ്വരൂപം ഇനി കാണാനിരിക്കുന്നതേയുള്ളൂ. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഈ തലതിരിഞ്ഞ തന്ത്രം അമേരിക്കയെ പ്രതിരോധത്തിലാക്കുന്ന തന്ത്രമാക്കി മാറ്റുന്നത് റഷ്യയാണ്. യുക്രെയിന്‍ സൈനികര്‍ക്ക് റഷ്യന്‍ പ്രദേശത്ത് കയറാന്‍ സാധിച്ചതിനു പിന്നില്‍ പോലും, റഷ്യന്‍ സൈന്യത്തിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു എന്നത് വ്യക്തമാണ്. വന്‍ നശീകരണ ആയുധങ്ങള്‍ പ്രയോഗിച്ച് തിരിച്ചടിക്കാനുള്ള സാഹചര്യമാണ് ഇതുവഴി റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ പരിണിതഫലം അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ അനുഭവിക്കേണ്ടതായും വരും. ഇറാന്‍-ഇസ്രയേല്‍ യുദ്ധം പ്രതീക്ഷിക്കുന്നവര്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കാന്‍ തന്നെയാണ് സാധ്യത. അതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

EXPRESS VIEW

Top