തിരുവനന്തപുരം: ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ അംഗീകാരം താത്ക്കാലികമായി റദ്ദാക്കി ഇന്ത്യൻ ഡെന്റൽ കൗൺസിൽ. പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും, അടുത്ത വർഷം പ്രവേശനം നടത്തരുതെന്നും നിർദേശവും നൽകി. കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
Also Read: കല്‍പ്പാത്തി രഥോത്സവം: പാലക്കാട് താലൂക്കില്‍ ഇന്ന് അവധി
2015ലാണ് ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ ആരംഭം. പ്രാരംഭത്തിൽ വെറും 50 സീറ്റുകളിൽ മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്. പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്. 2018ൽ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.
2018, 2021 വർഷങ്ങളിലും കോളജിന്റെ അംഗീകാരം ഡെന്റൽ കൗൺസിൽ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിർമാണം പൂർത്തിയാക്കി കോളേജിന്റെ പ്രവർത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അംഗീകാരം പുനഃസ്ഥാപിച്ചത്. എന്നാൽ അതിൽ നടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നിലവിലെ നടപടി.