ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ സൈന്യം നല്‍കിയത് വെറും 45 മിനിറ്റ് മാത്രമെന്ന് റിപ്പോര്‍ട്ട്. അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാതെയാണ് ഹസീനയും സംഘവും രാജ്യം വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പുറപ്പെട്ട ഹസീന ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് ഇറങ്ങിയത്. തന്റെ സഹോദരിയായ ഷെയ്ഖ് രെഹാന അടുത്ത സഹായികള്‍ക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്.
തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ഹസീനയുടെ സംഘത്തിന് അധിക വസ്ത്രങ്ങളോ നിത്യോപയോഗ വസ്തുക്കളോ കൊണ്ടുപോകാന്‍ പോലും കഴിയിഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പ്രോട്ടോക്കോള്‍ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോഗ സാധനങ്ങളും വാങ്ങാന്‍ സഹായിച്ചതെന്നും വിവരങ്ങളുണ്ട്. പ്രഷോഭം കനത്തതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും അതിക്രമിച്ചുകയറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെട്ടെന്നുളള രാജ്യം വിടല്‍ ഹസീന ഉള്‍പ്പെട്ട സംഘത്തിന് മനോവിഷമം ഉണ്ടാക്കിയിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നത് വരെ ഹസീന ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയിലെത്തി മൂന്നാം ദിവസവും സുരക്ഷിതമായാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് കുമാര്‍ ഡോവല്‍ നേരത്തെ ഹസീനയും സംഘവുമായും കൂടികാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശിന്റെ സ്ഥാനം ഒഴിഞ്ഞ ഷെയ്ഖ് ഹസീനയുടെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്തതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു.
അതേസമയം നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കും. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിര്‍ണായക ചര്‍ച്ചകള്‍ക്കെടുവില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയതിന് 2006 ല്‍ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ യൂനുസ് പ്രതികരിച്ചിരുന്നു. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞു.