അമരാവതി: മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു സിനിമാ താരത്തിന്റെ പരാതിയില്‍ ആന്ധ്രപ്രദേശില്‍ മൂന്ന് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തെന്നും തടവില്‍വെച്ചെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് നടപടി എടുത്തത്. ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള പി.എസ്.ആര്‍. ആഞ്ജനേയുലു, ഐജി റാങ്കിലുള്ള കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗണ്ണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചതായാണ് മുംബൈ ആസ്ഥാനമായുള്ള നടി പരാതിപ്പെട്ടിരിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഈ വര്‍ഷം ആദ്യത്തിലാണ് നടിയും കുടുംബാംഗങ്ങളും അറസ്റ്റിലായത്. മുംബൈ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനെതിരെ താന്‍ നേരത്തെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജഗന്റെ കാലത്ത് ആന്ധ്ര പോലീസ് ഭീഷണിപ്പെടുത്തിയതായും നടിക്ക് ആരോപണമുണ്ട്.
ALSO READ: അധികാരത്തിന്റെ ഇടനാഴികള്‍ അഴിമതി നിറഞ്ഞതായിരുന്നു; ഉപരാഷ്ട്രപതി
ജനുവരി 31ന് കാന്തി റാണാ ടാറ്റയെയും വിശാല്‍ ഗണ്ണിയയും വിളിച്ച് നടിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന കുറ്റമാണ് അന്ന് സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്ന പിഎസ്ആര്‍ ആഞ്ജനേയുലുവിനെതിരെ ചുമത്തിയത്. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്താണ് അദ്ദേഹം കേസില്‍ ഇടപെടല്‍ നടത്തിയതെന്നുമാണ് ആരോപണമുള്ളത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മതിയായ അന്വേഷണം നടത്താതെ നടിയെ അറസ്റ്റ് ചെയ്തതിനാണ് മറ്റു രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷൻ. വെള്ളിയാഴ്ചയാണ് ഇബ്രാഹിംപട്ടണം ജില്ലാ പോലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ വ്യാജ കേസെടുത്തെന്ന് നടി ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.