യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം

യുക്രെയിന് ആയുധം നല്‍കിയ അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ആയുധകലവറയും ശൂന്യമായി തുടങ്ങിയിട്ടുണ്ട്

യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം
യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം

ഷ്യ- യുക്രെയിന്‍ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന രാജ്യമായി ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുകയാണ്. യുക്രെയിനുമായി എന്തെങ്കിലും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ മധ്യസ്ഥത വഹിക്കാനായി മൂന്ന് രാജ്യങ്ങളുടെ പേരാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ പേരാണ് റഷ്യ മുന്നോട്ടുവച്ചത്. ഇതില്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഒരു പരിഹാരം അമേരിക്ക ആഗ്രഹിക്കാത്തതിനാല്‍ ഇന്ത്യയ്ക്ക് തന്നെയാണ് ആ നറുക്ക് വീണിരിക്കുന്നത്.

Also Read: ജോർജിയക്ക് മടുത്തു, നാറ്റോ അംഗത്വവും വേണ്ട, അമേരിക്കയുമായി അകലുന്നു !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ – യുക്രെയിന്‍ സന്ദര്‍ശനമാണ് ഇതിന് പ്രധാന കാരണം. ഇതിന്റെ തുടര്‍ച്ചയായി സെപ്തംബര്‍ 10,11 തീയതികളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുളള ഉന്നതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനുശേഷം യുക്രെയിന്‍ പ്രസിഡന്റുമായും ചര്‍ച്ച നടക്കും. തുടര്‍ന്ന് ഉണ്ടാക്കുന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇരുരാഷ്ട്ര തലവന്‍മാരും ഒരുമിച്ചുള്ള ചര്‍ച്ച നടത്തുക. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായാല്‍ അന്തിമ ചര്‍ച്ച ഇന്ത്യയില്‍ ആകാനുള്ള സാധ്യതയും ഏറെയാണ്. സമാധാന ശ്രമങ്ങളുമായി ഇന്ത്യ രംഗത്തിറങ്ങിയ വാര്‍ത്ത റഷ്യന്‍ മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്.

narendra modi with vladimir putin

യുക്രെയിനുമായി ഒരു സന്ധിക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച റഷ്യ ഇപ്പോള്‍… യുക്രെയിനില്‍ നിന്നും അവര്‍ക്ക് ആവശ്യമായ സ്ഥലങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് ചര്‍ച്ചയ്ക്ക് സമ്മതം മൂളിയിരിക്കുന്നത്. യുക്രെയിന്‍ പിടിച്ചെടുക്കുക എന്നത് റഷ്യയുടെ ലക്ഷ്യമല്ലാത്തതിനാല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവശംവച്ചുള്ള ഒരു ചര്‍ച്ചയ്ക്കാകും അവര്‍ സന്നദ്ധരാകുക.

അതേസമയം, നാറ്റോയില്‍ അംഗമാകില്ലെന്ന പ്രഖ്യാപനം യുക്രെയിന്‍ നടത്തിയാല്‍ റഷ്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായേക്കും. പഴയ സോവിയറ്റ് യൂണിയനില്‍ നിന്നും വേര്‍പെട്ടുപോയ ചെറിയ രാജ്യങ്ങളെ അമേരിക്കന്‍ സൈനിക ചേരിയായ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തി റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം അമേരിക്ക സൃഷ്ടിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചിരുന്നത്.

NATO flag

യുക്രെയിന്‍ കൂടി നാറ്റോ സഖ്യത്തില്‍ ചേര്‍ന്നാല്‍ റഷ്യന്‍ അതിര്‍ത്തികളില്‍ വ്യാപകമായി അമേരിക്കന്‍ ആയുധങ്ങള്‍ നിരത്തുവാനും നാറ്റോ സൈന്യത്തെ നിയോഗിക്കുവാനും അമേരിക്കന്‍ ചേരിക്ക് കഴിയുമായിരുന്നു. അതിര്‍ത്തിയിലും ആകാശത്തും കടലിലും കരയിലും എല്ലാം ഒരുപോലെ ഭീഷണി ഉയര്‍ത്തുന്ന ഈ അപകടകരമായ സാഹചര്യം ഒഴിവാക്കാനാണ് നാറ്റോയില്‍ ചേരരുതെന്ന് റഷ്യ നിരന്തരം യുക്രെയിനിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ നിര്‍ദ്ദേശം യുക്രെയിന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി തള്ളിയതോടെയാണ് കാര്യങ്ങള്‍ പിടിവിട്ട് പോയത്. എന്നാല്‍ അപ്പോഴും റഷ്യ… യുക്രെയിനിനോട് യുദ്ധം പ്രഖ്യാപിച്ചിരുന്നില്ല.

Also Read: നയമാറ്റ നീക്കത്തിനെതിരെ സ്വിറ്റ്സർലാൻഡിൽ പ്രതിഷേധം

കേവലം സൈനിക നടപടി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. യുദ്ധമാണ് പ്രഖ്യാപിച്ചിരുന്നത് എങ്കില്‍ റഷ്യയുടെ കരുത്ത് വച്ച് നോക്കിയാല്‍ നിഷ്പ്രയാസം യുക്രെയിന്‍ പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍, ഈ നിമിഷം വരെ റഷ്യ അത്തരമൊരു ഘട്ടത്തിലേക്ക് നീങ്ങിയിട്ടില്ല. ഇതുവരെ നടന്ന സൈനിക നടപടിയില്‍ യുക്രെയിന്‍ പുറത്തുവിട്ട കണക്കുകള്‍ തന്നെ തെറ്റാണെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ തുറന്നടിച്ചിരിക്കുന്നത്. അതായത് ലക്ഷക്കണക്കിന് സൈനികരെ യുക്രെയിന് ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. അതാകട്ടെ വ്യക്തവുമാണ്.

Former US President Donald Trump

യുക്രെയിന് ആയുധം നല്‍കിയ അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ആയുധകലവറയും ശൂന്യമായി തുടങ്ങിയിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇക്കാര്യവും ട്രംപ് തന്നെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുക്രെയിനെ സഹായിക്കുന്നത് അമേരിക്കയ്ക്കും വലിയ ബാധ്യതയായിരിക്കുകയാണ്. മാത്രമല്ല, ഇറാന്‍ – ഇസ്രയേലിനെ ആക്രമിച്ചാല്‍ അവിടെയും പ്രതിരോധത്തിലായി പോകുക അമേരിക്കയാണ്.

എഫ് 16 എന്ന അമേരിക്കയുടെ അഭിമാനമായ ആധുനിക പോര്‍വിമാനത്തെ റഷ്യന്‍ സൈന്യം വെടിവച്ചിട്ടതോടെ അമേരിക്കയുടെ ആയുധ വിപണിയെയും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യയുടെ സമാധാന നീക്കത്തെ അമേരിക്കയും പിന്തുണച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ യുദ്ധം അവസാനിക്കേണ്ടത് അമേരിക്കയുടെ സുരക്ഷിതത്വത്തിനും അനിവാര്യമാണ്. അത്തരം ഒരു സമവായ ചര്‍ച്ചയിലേക്ക് ഇരു വിഭാഗത്തെയും എത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ അത് ലോകരാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കാന്‍ പോകുന്ന മൈലേജും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര മാധ്യമങ്ങളും നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

EXPRESS VIEW

Top