തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ മർദ്ദനത്തിൽ കൻ്റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമ നടപടികളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അബിൻ വർക്കി പരാതി നൽകി. എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിൻ്റെ വിരോധം നിമിത്തമായിരുന്നു മർദ്ദനമെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.
ഈ ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ട്. പരാതിയിൽ നടപടി ഉണ്ടാകാത്ത പക്ഷം കോടതി മുഖേനയുള്ള വ്യവഹാരങ്ങൾ തുടങ്ങുമെന്നും അബിൻ വർക്കി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണവും മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു മാർച്ച്.
Also read: ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തിന് നേരെയും പ്രവർത്തകർ ആക്രമണം നടത്തി. ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് അബിൻ വർക്കിക്ക് പരിക്കേറ്റത്.