ഹൈദരാബാദ്: അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിനിടെ ബിജെപി നേതാവിന്റെ കെട്ടിടവും പൊളിച്ചുനീക്കി അധികൃതർ. ഹൈദരാബാദ് മൈലാർദേവപള്ളിയിലെ ബിജെപി കോർപറേറ്റർ തോക്കല ശ്രീനിവാസ് റെഡ്ഡിയുടെ ഗഗൻപഹാഡിലെ അനധികൃത കെട്ടിടമാണ് ശനിയാഴ്ച രാവിലെ അധികൃതർ പൊളിച്ചുമാറ്റിയത്. തടാകം കയ്യേറി നിർമിച്ച കെട്ടിടമാണ് പൊളിച്ചുനീക്കിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി.
അതേസമയം, പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ തൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബിജെപി കോർപറേറ്റർ തോക്കല ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. 1980 മുതൽ ഈ ഭൂമി തൻ്റെ കുടുംബത്തിന്റെ കൈവശം ഉണ്ടെന്നും പട്ടയഭൂമിയാണെന്നും റെഡ്ഡി പറഞ്ഞു. മുൻകൂർ അറിയിപ്പ് ഇല്ലാതെയാണ് അധികൃതരുടെ നടപടിയെന്നും റെഡ്ഡി ആരോപിച്ചു.
വിശദാംശങ്ങൾ ചുവടെ:
ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിറ്ററിങ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര)ക്ക് കീഴിൽ സംസ്ഥാനത്ത് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുകയാണ്.
നേരത്തെ തെന്നിന്ത്യൻ താരം നാഗാർജുനയുടെ ഉടമസ്ഥയിലുള്ള കൺവെൻഷൻ സെന്റർ പദ്ധതിക്ക് കീഴിൽ പൊളിച്ചുനീക്കിയിരുന്നു. പത്തേക്കർ വിസ്തൃതിയുണ്ടായിരുന്നു നാഗാർജുനയുടെ ദ എൻ കൺവെൻഷൻ സെന്ററിന്. പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെ സകലതിനേയും കാറ്റിൽപ്പറത്തിയാണ് കെട്ടിടം നിർമിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. തുംകുണ്ട തടാകത്തിന്റെ 1.12 ഏക്കർ ഭാഗമാണ് കൺവെൻഷൻ സെന്റർ നിർമിക്കാൻ കയ്യേറിയത്.
വിവിധ രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ളവരുടെ അനധികൃത നിർമാണങ്ങൾ ഹൈഡ്ര തകർത്തിട്ടുണ്ട്. ഇതുവരെ തടാകങ്ങൾ, കുളങ്ങൾ എന്നിവയുൾപ്പെടെ അനധികൃത കുടിയേറ്റങ്ങൾ നിലനിന്നിരുന്ന 43 ഏക്കറോളം ഭൂമിയാണ് ഹൈഡ്രയിലൂടെ സർക്കാർ തിരിച്ചുപിടിച്ചത്.
Also read: ഇന്ത്യയിൽ മരണം വിതയ്ക്കുന്നത് റോഡുകളാണ് : നിതിൻ ഗഡ്കരി
2024 ജൂലൈയിലാണ് ദുരന്തനിവാരണത്തിനും തദ്ദേശസ്ഥാപനത്തിലെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനുമായി ഹൈഡ്ര ഏജൻസി സ്ഥാപിക്കുന്നത്. ജലാശയത്തോട് ചേർന്നുള്ള പ്രദേശങ്ങൾ, പാർക്ക്, തുറസായ സ്ഥലം, റോഡ്, നടപ്പാത തുടങ്ങിയ പ്രദേശങ്ങളിലുള്ള അനധികൃത നിർമാണങ്ങൾ എന്നിവ പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവാദിത്തം തെലങ്കാന സർക്കാർ ഹൈഡ്രക്ക് നൽകുകയായിരുന്നു.