അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയുടെ നേതൃത്വത്തിലുള്ള പുതിയ ശാക്തിക ചേരിയുടെ ഉദയത്തിനാണ് ലോകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബ്രിക്‌സ് കൂട്ടായ്മയുടെ മുന്നേറ്റവും അതിന് അടിവരയിടുന്നതാണ്.

അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി
അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി

യുക്രെയിനും ഇസ്രയേലിനും പണവും ആയുധങ്ങളും നല്‍കി സഹായിക്കുന്ന അമേരിക്ക വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നിലവില്‍ പോയിക്കൊണ്ടിരിക്കുന്നത്. ഈ പോക്ക് പോയാല്‍… അധികം താമസിയാതെ അമേരിക്ക പാപ്പരാകുമെന്നാണ് പ്രമുഖ അമേരിക്കന്‍ വ്യവസായിയും, എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് തുറന്നടിച്ചിരിക്കുന്നത്. മുന്‍പ് ലോകബാങ്കും സമാന മുന്നറിയിപ്പ് അമേരിക്കന്‍ ഭരണകൂടത്തിന് നല്‍കിയിരുന്നു. ഇത്രയധികം പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യം പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് മസ്‌ക് പറയുന്നത്.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കടബാധ്യതയെ സൂചിപ്പിക്കുന്ന ഒരു എക്സ് പോസ്റ്റിന്റെ മറുപടി കമന്റിലാണ് ഇത്തരം ഒരു മുന്നറിയിപ്പ് മസ്‌ക് നല്‍കിയിരിക്കുന്നത്. നിലവില്‍ അമേരിക്ക പ്രതിവര്‍ഷം ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ പൊതുകടത്തിന്റെ പലിശയായി നല്‍കുന്നുണ്ടെന്നും അമേരിക്ക ശേഖരിക്കുന്ന എല്ലാ നികുതികളുടെയും താരിഫുകളുടെയും ഫീസിന്റെയും… ഏകദേശം 23 ശതമാനവും കടത്തിന്റെ പലിശ അടയ്ക്കുന്നതിലേക്ക് പോകുന്നുണ്ടെന്നുമാണ്,” വാള്‍സ്ട്രീറ്റ് സില്‍വര്‍ അക്കൗണ്ട് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

Elon Musk

‘സര്‍ക്കാര്‍ ചെലവുകളില്‍ കുറവുണ്ടായില്ലെങ്കില്‍ അമേരിക്ക യഥാര്‍ത്ഥത്തില്‍ പാപ്പരായി മാറും’ എന്നാണ് ഇതിനോട് മസ്‌ക് പ്രതികരിച്ചിരിക്കുന്നത്. പൊതുകടത്തിന്റെ പലിശ നികുതി വരുമാനത്തില്‍ നിന്ന് നല്‍കേണ്ടി വരുമെന്നും ഇത് രാജ്യത്തിന്റെ പ്രധാന ആവശ്യങ്ങള്‍ക്കായി ഒന്നും ബാക്കിവെക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം 840 ബില്യണ്‍ ഡോളറിലെത്തിയ പ്രതിരോധ ബജറ്റിനേക്കാള്‍ കൂടുതലാണ് അമേരിക്കയുടെ ഫെഡറല്‍ കടമെന്നും മസ്‌ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കയുടെ മൊത്തം പൊതുകടം 35 ട്രില്യണ്‍ ഡോളറിനും മുകളിലായതായി ജൂലൈ അവസാനത്തോടെയാണ് അമേരിക്കന്‍ ട്രഷറി വെളിപ്പെടുത്തിയത്. ആറുമാസം കൊണ്ട് ഇത് ഒരു ട്രില്യണ്‍ വര്‍ധിച്ച് 35.7 ട്രില്യണ്‍ ഡോളറായി മാറിയതായാണ് ഡെറ്റ് ക്ലോക്ക് പറയുന്നത്.

Also Read: മന്ത്രി ശശീന്ദ്രനെ സഹായിക്കാനാണോ 100 കോടി ആരോപണം? എന്തുകൊണ്ട് ആൻ്റണിരാജു പരാതി നൽകിയില്ല?

മുന്‍പും മസ്‌ക് പൊതുകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് ചിലവുകളുടെ നിലവിലെ നിരക്ക് അമേരിക്കയെ പാപ്പരത്തത്തിലേക്ക് അതിവേഗം എത്തിക്കുകയാണെന്നും സര്‍ക്കാര്‍ അമിതമായി പണം ചെലവഴിക്കുന്നത് പണപ്പെരുപ്പത്തെ ഉത്തേജിപ്പിക്കുകയാണെന്നും മസ്‌ക് ഈ വര്‍ഷം ആദ്യം തന്നെ തുറന്നടിച്ചിരുന്നു. ഓരോ ട്രില്യണ്‍ ഡോളറിന്റെ കടവും ‘നമ്മുടെ കുട്ടികളും കൊച്ചുമക്കളും എങ്ങനെയെങ്കിലും അടയ്‌ക്കേണ്ട’ പണമാണെന്നും അദ്ദേഹം അമേരിക്കന്‍ ഭരണകൂടത്തെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

Donald Trump

ലോക സാമ്പത്തിക ശക്തിയായ അമേരിക്കയുടെ നിലവിലെ അവസ്ഥയാണ് മസ്‌കിന്റെ വെളിപ്പെടുത്തലിലൂടെ ലോകത്തിന് മുന്നില്‍ വരച്ചുകാട്ടപ്പെട്ടിരിക്കുന്നത്. ലോകത്ത് സംഘര്‍ഷം വിതച്ച് അതുവഴി നേട്ടം ഉണ്ടാക്കുന്ന അമേരിക്കയ്ക്ക് യുക്രെയിന്‍-റഷ്യ യുദ്ധം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. യുക്രെയിനെ സഹായിക്കുക വഴി വലിയ സാമ്പത്തിക ബാധ്യതയാണ് അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. യുക്രെയിനും ഇസ്രയേലും ആയുധങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് അമേരിക്കയെയാണ്. ഇതോടെ അമേരിക്കയുടെ ആയുധക്കലവറ തന്നെയാണ് ശൂന്യമായി കൊണ്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്ത് എവിടെ സംഘര്‍ഷമുണ്ടായാലും അമേരിക്ക ഇടപെട്ട് വേണ്ട സഹായങ്ങളെല്ലാം നല്‍കും. ഇതാണ് ആ രാജ്യം പിന്തുടര്‍ന്ന് വന്നിരുന്ന രീതി. എന്നാല്‍, ആ രീതിയില്‍ ഇടപെടാന്‍ ശ്രമിച്ചത് ഇപ്പോള്‍, അവരുടെ തന്നെ കൈപൊള്ളിച്ചിരിക്കുകയാണ്. യുക്രെയിനെ യുദ്ധത്തിലേക്ക് പ്രേരിപ്പിച്ചതാണ് അമേരിക്കയുടെ ആദ്യ പിഴവ്. ഈ യുദ്ധത്തിന് സഹായം നല്‍കാന്‍ ചുമതലപ്പെട്ടത് നാറ്റോ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ സകലചിലവും ഏറ്റെടുക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നത് അമേരിക്കയ്ക്കാണ്. ഇതിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് സംഘര്‍ഷം വ്യാപിച്ചതും അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്.

Russia

യുക്രെയിന്‍-റഷ്യ, ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലുകള്‍ക്ക് പുറമെ, ലെബനന്‍ കൂടി ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെയെല്ലാം ഉപയോഗിക്കപ്പെട്ട ആയുധങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയുടേതാണ്. ഇറാന്‍- ഇസ്രയേലിനെ ആക്രമിച്ചതോടെ സംഘര്‍ഷം ഇപ്പോള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. ഇറാനെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ പരിധികള്‍ ഇല്ലാതെ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: ഇന്ത്യ-ചൈന ധാരണ; കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ശരിക്കും കുടുങ്ങിയിരിക്കുന്നത് അമേരിക്കയാണ്. അമേരിക്കയുടെ സാമ്പത്തിക – ആയുധ അടിത്തറ തകര്‍ക്കാന്‍ ഈ അവസരം ഉപയോഗിക്കാനാണ് റഷ്യന്‍ ചേരി തീരുമാനിച്ചിരിക്കുന്നത്. ഇറാന്‍, ചൈന, ഉത്തര കൊറിയ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇതിനായി പുതിയ പോര്‍മുഖങ്ങളാണ് റഷ്യ തുറന്നിരിക്കുന്നത്. യുക്രെയിനെ തുരത്താന്‍ ഉത്തരകൊറിയന്‍ സൈനികരും റഷ്യയ്ക്ക് ഒപ്പം ചേര്‍ന്ന് കഴിഞ്ഞു.

Vladimir Putin

സ്വന്തം സൈനികരെ പരമാവധി കളത്തിലിറക്കാതെ തന്ത്രപരമായ സമീപനമാണ് യുക്രെയിന് എതിരായ സൈനിക നടപടിയില്‍ റഷ്യ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. അതാകട്ടെ അവരുടെ സ്ട്രാറ്റര്‍ജിയുമാണ്. ഇപ്പോഴും യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുന്‍പ് റഷ്യയുടെ ഭാഗമായിരുന്ന യുക്രെയിനോട് റഷ്യ കാണിക്കുന്ന മാനുഷിക പരിഗണനയൊന്നും ഉത്തരകൊറിയന്‍ സൈനികരുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയില്ല. പുടിനെ സന്തോഷിപ്പിക്കാന്‍ പറ്റുന്ന ഒരവസരവും ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ പാഴാക്കുകയുമില്ല.

നിലവില്‍ 12,000 ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയില്‍ എത്തിയതായാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ ചേരിയെ ശരിക്കും വെട്ടിലാക്കുന്ന നീക്കമാണിത്. ഇതിനുപുറമെ, അമേരിക്കന്‍ സഖ്യകക്ഷിയായ ദക്ഷിണ കൊറിയയ്ക്ക് നേരെയും, ഉത്തര കൊറിയ പ്രകോപനം ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ എത്താന്‍ ശേഷിയുള്ള ആണവ മിസൈലുള്ള രാജ്യം കൂടിയാണ് ഉത്തര കൊറിയ എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.

America Flag

അമേരിക്കയുടെ മറ്റൊരു സഖ്യകക്ഷിയായ തായ് വാന് ചുറ്റും വന്‍ സൈനിക വിന്യാസം നടത്തി ചൈനയും അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഏറ്റുമുട്ടല്‍ നടന്നാല്‍ നാറ്റോയും അമേരിക്കയുമാണ് പ്രതിരോധത്തിലാകുക. യുക്രെയിന്‍, ഇസ്രയേല്‍, തായ് വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ നാറ്റോയുടെ പക്കലുമില്ല. മാത്രമല്ല, റഷ്യ- ചൈന- ഇറാന്‍-ഉത്തര കൊറിയ സഖ്യത്തിനെതിരെ പോരാടാനും, അമേരിക്കന്‍ ചേരിയിലെ മിക്ക രാജ്യങ്ങളും തയ്യാറല്ല. ഇപ്പോള്‍ തന്നെ നാറ്റോ സഖ്യരാജ്യമായ തുര്‍ക്കി, ഇറാന് അനുകൂലമായാണ് രംഗത്ത് വന്നിരിക്കുന്നത്.

Also Read:പ്രായം തെളിയിക്കാൻ ഇനി സ്കൂൾ സർട്ടിഫിക്കറ്റ് വേണം: സുപ്രീം കോടതി

മറ്റ് സഖ്യരാജ്യങ്ങളായ ജര്‍മ്മനി ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരും റഷ്യന്‍ ചേരിക്കെതിരെ പോരാടാന്‍ ആഗ്രഹിക്കാത്തവരാണ്. എന്തിനേറെ ഇത്തരം ഒരു സാഹചര്യം അമേരിക്ക പോലും ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം ആയുധപ്പുര ചോരാതെയും, ബഹുഭൂരിപക്ഷം സൈനികരെയും യുദ്ധമുഖത്തേക്ക് ഇറക്കാതെയും, റഷ്യയെടുത്ത മുന്‍കരുതലൊന്നും നാറ്റോ സഖ്യരാജ്യങ്ങള്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏത് വലിയ യുദ്ധത്തിലേക്ക് പോകാനും റഷ്യയ്ക്ക് മുന്നില്‍ തടസ്സങ്ങളില്ല. ഇവിടെയാണ് അമേരിക്കയുടെ ആയുധക്കലവറ ശൂന്യമാണെന്ന ട്രംപിന്റെ വെളിപ്പെടുത്തലിനും പ്രസക്തിയേറുന്നത്.

NATO

അതായത് ഇപ്പോള്‍ തുടരുന്ന സംഘര്‍ഷം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയെയാണ് പാപ്പരാക്കാന്‍ പോകുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിച്ചാല്‍ ആ തകര്‍ച്ചയ്ക്കാണ് വേഗതയേറുക. ലോകപൊലീസ് ചമയുന്ന അമേരിക്കയുടെ മേധാവിത്വത്തിനും അതോടെ അവസാനമാകും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയുടെ നേതൃത്വത്തിലുള്ള പുതിയ ശാക്തിക ചേരിയുടെ ഉദയത്തിനാണ് ലോകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബ്രിക്‌സ് കൂട്ടായ്മയുടെ മുന്നേറ്റവും അതിന് അടിവരയിടുന്നതാണ്.

Express View

വീഡിയോ കാണാം

Top