ചെന്നൈ: ഡി.എം.കെ യുവ നേതാവ് ഉദയനിധി സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ബി.ജെ.പി തമിഴ്നാട് നേതൃത്വം രംഗത്ത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതിയാണ് ഉദയനിധിക്കെതിരെ വിമർശനമുന്നയിച്ച് എത്തിയിരിക്കുന്നത്.
മന്ത്രിയാകാനുള്ള പക്വത ഉദയനിധിക്ക് ഇല്ലെന്നാണ് നാരായണൻ തിരുപ്പതി ആരോപിക്കുന്നത്. അങ്ങനെയുള്ളയാൾ എങ്ങനെ ഉപമുഖ്യമന്ത്രി ആകുമെന്നും അദ്ദേഹം ചോദിക്കുന്നു. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി സ്റ്റാലിൻ മന്ത്രിസഭ അഴിച്ചുപണിയുന്നതിനുള്ള നീക്കം ഡി.എം.കെ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
Also Read: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ന് ഉച്ചക്ക് ശേഷം 3.30ന് ചെന്നൈ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉദയനിധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. പാർട്ടി തലപ്പത്ത് തന്റെ നില ഭദ്രമാക്കിയും നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചുമുള്ള ഉദയനിധി സ്റ്റാലിന്‍റെ സ്ഥാനക്കയറ്റത്തിനിടെയാണ് ബിജെപിയുടെ പുതിയ പരാമർശം.
നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെയെത്തുന്ന സംസ്ഥാനത്ത് ഉദയനിധിയെ മുന്നിൽനിർത്തി പാർട്ടിക്ക് കരുത്തുകൂട്ടുക എന്നതാണ് പുതിയ പദവിയിലൂടെ ലക്ഷ്യമിടുന്നത്. കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.