ബെംഗളൂരു: കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത കർണാടകയിലെ ബി.ജെ.പി. എം.എൽ.എ. മുനിരത്ന അറസ്റ്റിലായി. മുൻ നഗരസഭാംഗം വേലുനായകർ ,ബെംഗളൂരു കോർപ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു എന്നിവർ നൽകിയ പരാതികളിലാണ് പട്ടികവിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. അറസ്റ്റിനു ശേഷം തുടർനടപടിക്കായി മുനിരത്നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാർ പോലീസ് സൂപ്രണ്ട് പറഞ്ഞു.ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോലാറിലെ മുൾബാഗിലുവിൽനിന്നാണ് മുനിരത്നയെ അറസ്റ്റുചെയ്തത്.
READ ALSO: പൂജാരിയുടെ മോതിരം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
എം.എൽ.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. മുനിസ്വാമി ചലുവരാജുവിനെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രണ്ടു കേസുകളാണ് മുനിരത്നയുടെപേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലുവരാജുവിനുനേരേ ഭീഷണിമുഴക്കിയതിനാണ് ആദ്യകേസ്. ഇതിൽ മുനിരത്നയ്ക്ക് പുറമേ സഹായികളായ വിജയകുമാർ, അഭിഷേക്, വസന്തകുമാർ എന്നിവരും പ്രതികളാണ്. 2021-ൽ മാലിന്യസംസ്‌കരണാവശ്യത്തിന് 10 വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ മുനിരത്ന 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നൽകിയിട്ടും വാഹനങ്ങൾ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്.
എം.എൽ.എ.യുടെ ഉപദ്രവം പതിവായതോടെ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. രണ്ടാമത്തെ കേസ് ജാതി അധിക്ഷേപത്തിനാണ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതോടെ മുനിരത്നയ്ക്ക് ബി.ജെ.പി. കാരണം കാണിക്കൽ നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുനിരത്നയ്ക്കെതിരേ പ്രതിഷേധവുമായി ദളിത് സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്.