ബംഗളുരു: ബംഗളുരുവില്‍ ഓട്ടത്തിനിടെ നിയന്ത്രണംവിട്ട ബസ് നിരവധി വാഹനങ്ങളെ ഇടിച്ചു. തിരക്കേറിയ റോഡില്‍ വെച്ച് ബംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാവിലെ ഹെബ്ബാള്‍ ഫ്‌ലൈഓവറിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ക്ക് ഓട്ടത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് റോഡില്‍ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്കെല്ലാം ബസ് ഇടിച്ചുകയറി. ബസില്‍ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആദ്യം തന്നെ രണ്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ബസ് മുന്നോട്ട് നീങ്ങുന്നതിനിടെ മറ്റ് ചില വാഹനങ്ങളിലും ഇടിച്ചു. കാറുകളില്‍ ഇടിച്ചാണ് ഒടുവില്‍ നിന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ബസ് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നും അതല്ല ഡ്രൈവറുടെ അശ്രദ്ധയാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായവും ഉയരുന്നുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ബിഎംടിസി പുറത്തുവിടൂ.