ബൈറൂത്ത്: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നസ്‌റുല്ലയുടെ മൃതദേഹം ലെബനാൻ തലസ്ഥാനമായ ബൈറൂത്തിലെ ദക്ഷിണ പ്രാന്ത പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. ‘റോയിട്ടേഴ്‌സ്’ ആണ് ലെബനാൻ സുരക്ഷാ-മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ പുറത്ത് വിട്ടത്.
എന്നാൽ നസ്‌റുല്ലയുടെ ഭൗതികദേഹത്തിൽ ഒരു പോറൽ പോലും കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായാണ് നേരത്ത വന്നിരുന്ന റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം എന്നാണ് കരുതുന്നത്.
Also Read: കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ; ലെബനാനിൽ 105 പേർ കൊല്ലപ്പെട്ടു
അതേസമയം ഇത് തന്നെയാണോ യാഥാർത്ഥ്യം എന്ന് വ്യക്തമല്ല. മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. നസ്റുല്ല എവിടെയാണെന്നത് സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പേ ഇസ്രയേൽ ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
64കാരനായ നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള നേതൃത്വം മുന്നറിയിപ്പ് നൽകി. ഇതിനിടെ, ലെബനാനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. കരയുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ബൈറൂത്തിലെ ജനവാസ മേഖലയിൽ നടത്തിയ ആക്രമണത്തിൽ 105 ആളുകൾ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അഞ്ചു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇസ്രയേൽ ബോംബിട്ടതയാണ് വിവരം.