മുംബൈ: ആദ്യത്തെ കൂടിക്കാഴ്ചയിൽ ഒരാൾ ഹോട്ടൽ മുറിയിലേക്ക് വിളിക്കുമ്പോൾ വകതിരിവുള്ള ഒരു സ്ത്രീയും പോകില്ലെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് പറഞ്ഞു. ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകൾ പകർത്തി ബന്ധുക്കൾക്ക് അയച്ചെന്നുമുള്ള കേസിൽ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈകോടതി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഇരുവരും പിന്നീട് ഫോണിലൂടെ ബന്ധം തുടരുകയായിരുന്നു. 2017 ഫെബ്രുവരിയിൽ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളജിൽ കാണാൻ വന്നു. മാർച്ചിൽ ഇയാൾ ഒരു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് ബലാത്സംഗം ചെയ്തെന്നും നഗ്നഫോട്ടോകൾ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
പിന്നീട് ഇരുവരും തമ്മിൽ തെറ്റിയതോടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെ പ്രതിശ്രുത വരന് ചിത്രങ്ങൾ അയച്ചതിന് പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
എന്നാൽ, യുവതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘യുവതിക്ക് പ്രതിയുമായി നേരത്തെ പരിചയമില്ലെന്നാണ് പറയുന്നത്. ഹോട്ടലിൽ വെച്ച് ഇവരുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ്. പ്രതിയുടെ അഭ്യർഥന പ്രകാരമാണ് ഹോട്ടലിൽ പോയതെന്ന് യുവതി പറയുന്നു. എന്‍റെ അഭിപ്രായത്തിൽ, യുവതിയുടെ ഈ നടപടി ഇത്തരമൊരു സാഹചര്യത്തിൽ വകതിരിവുള്ള ഒരു സ്ത്രീ ചെയ്യുന്നതല്ല. ഒരു പുരുഷന്‍റെ ഭാഗത്തുനിന്നുള്ള അത്തരമൊരു നടപടിയിലൂടെ സ്ത്രീക്ക് അപായ മുന്നറിയിപ്പ് ലഭിക്കുന്നതാണ്’ -കോടതി പറഞ്ഞു.
‘ഏതെങ്കിലുമൊരു സാഹചര്യത്തിൽ യുവതിക്ക് അജ്ഞാതനായ ഒരാളോടൊപ്പം ഹോട്ടൽ മുറിയിൽ പോകേണ്ടിവരികയാണെങ്കിൽ, എന്തെങ്കിലും അപകടാവസ്ഥ തോന്നിയാൽ ശബ്ദമുയർത്താനോ കരയാനോ കഴിയുമായിരുന്നു. 2017 ഫെബ്രുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017ൽ മാർച്ചിൽ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടും പരാതി നൽകിയില്ല. ഒക്ടോബറിലാണ് പരാതി നൽകുന്നത്’ -കോടതി നിരീക്ഷിച്ചു.