റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്

റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്
റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്

റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്. അഭയാര്‍ഥികളെ നാടുകടത്തുന്ന പ്രക്രിയ ജൂലൈയില്‍ ആരംഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ”എല്ലാ മാസവും അഭയാര്‍ഥികള്‍ക്കുവേണ്ടി ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തും. എന്തൊക്കെ സംഭവിച്ചാലും ഈ വിമാനങ്ങള്‍ പറക്കും. ഇത് അസാധാരണവും നൂതനവുമാണ്,” ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണാണ് ആദ്യമായി റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ബില്‍ ബ്രിട്ടന്റെ ആഭ്യന്തര അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ സുപ്രീം കോടതിയുടെ വിധി മാനിക്കാതെ പുതിയ ബില്‍ പാസാക്കിയെങ്കിലും റുവാണ്ടയിലേക്ക് വലിയ തോതില്‍ അഭയാര്‍ഥികളെ അയയ്ക്കില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഫ്രിക്കയിലെയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം വര്‍ഷങ്ങളായി ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. നിലവിലെ ബ്രിട്ടന്റെ മനുഷ്യാവകാശ നിയമങ്ങള്‍ റുവാണ്ട ബില്ലിനു ബാധകമല്ലെന്നും റുവാണ്ടയെ സുരക്ഷിതസ്ഥലമായി ബ്രിട്ടിഷ് ജഡ്ജിമാര്‍ കണക്കാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു. അതേസമയം വിദേശത്ത് അഭയം തേടുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ക്കുള്ള കരാറിലേര്‍പ്പെടാന്‍ ഓസ്ട്രിയ, ജര്‍മനി പോലുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായ വിധി വരാനുള്ള പദ്ധതി കൂടിയാണ് റുവാണ്ട ബില്‍. തിരഞ്ഞെടുപ്പ് സുനകിനും പാര്‍ട്ടിക്കും വെല്ലുവിളിയാണെന്നുള്ള വിലയിരുത്തലുകള്‍ക്കിടയില്‍ ബില്‍ അവതരിപ്പിച്ചതോടെ സുനകിന്റെ ജയസാധ്യത വര്‍ധിക്കുകയാണ്.

അധിക സുരക്ഷകളില്ലാതെ ഈ ബില്‍ പാസാക്കുന്നതിന് ബ്രിട്ടിഷ് പാര്‍ലമെന്റ് കുറച്ചുനാളുകളായി വിസമ്മതിച്ചിരുന്നു. എന്നാല്‍ ബില്‍ പാസാക്കുന്നത് വരെ തിങ്കളാഴ്ച രാത്രി വൈകിയും പാര്‍ലമെന്റ് ചേരുമെന്ന് സുനക് വ്യക്തമാക്കിയതോടെ എതിര്‍ത്തവര്‍ക്ക് വഴങ്ങേണ്ടിവരികയായിരുന്നു. നേരത്തെ ബ്രിട്ടിഷ് സൈന്യങ്ങളെ സഹായിച്ച അഫ്ഗാനികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും റുവാണ്ടയിലേക്ക് നാടുകടത്തുന്ന അഭായാര്‍ഥികളുടെ സുരക്ഷ നിരീക്ഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ ചിലര്‍ വാദിച്ചെങ്കിലും പ്രത്യേക മാറ്റങ്ങളൊന്നുമില്ലാതെ അധോസഭ ബില്‍ പാസാക്കുകയായിരുന്നു. ഈ ആഴ്ച അവസാനത്തോടെ ചാള്‍സ് രാജാവിന്റെ സമ്മതം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.റുവാണ്ടയുമായി കരാറിലേര്‍പ്പെട്ട ബില്‍ പ്രകാരം ബ്രിട്ടനില്‍ അനധികൃതമായെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കും. ഇംഗ്ലിഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയും കള്ളക്കടത്തുകള്‍ തടയുകയുമാണ് റുവാണ്ട ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥി പ്രവാഹം ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെങ്കിലും അഭയാര്‍ഥികളെ റുവാണ്ടയിലേക്കു നാടുകടത്തുന്ന പദ്ധതി മനുഷ്യാവകാശത്തിനെതിരാണെന്ന് വിമര്‍ശകര്‍ പറയുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മനുഷ്യാവകാശ രേഖകകളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ഇവര്‍ അഭയാര്‍ഥികളെ അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്ക് തിരിച്ചയച്ചേക്കാമെന്നും ആശങ്കപ്പെടുന്നു.

Top