ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ഡ്രൈവിങ്ങ് ടെസ്റ്റിനിടെ ആലപ്പുഴയിൽ ബസിന് തീപിടിച്ചു. ഡ്രൈവിങ്ങ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലാണ് സംഭവം നടന്നത്.
ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിന്‍റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ഉണ്ടാവുകയും തുടര്‍ന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക ഉയരുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ഡ്രൈവിങ്ങ് ബസിന്റെ സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
Also Read: മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി
ബസില്‍ നിന്ന് യുവാവ് ഇറങ്ങിയതിന് പിന്നാലെ തീ ആളിപ്പടർന്നു. ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.