യാത്രക്കിടെ ടൂറിസ്റ്റ്ബസ്സിന്‍റെ എൻജിൻ ഭാഗത്ത് തീ; ഡ്രൈവറുടെ സഡൻ ആക്ഷൻ രക്ഷിച്ചത് 30 പേരെ

അടിയന്തര സാഹചര്യത്തിൽ ആളുകൾക്ക് രക്ഷപ്പെടുന്നതിന് വേണ്ട എമർജൻസി വാതിലുകൾ ബസിൽ ഉണ്ടായിരുന്നില്ല

യാത്രക്കിടെ ടൂറിസ്റ്റ്ബസ്സിന്‍റെ എൻജിൻ ഭാഗത്ത് തീ; ഡ്രൈവറുടെ സഡൻ ആക്ഷൻ രക്ഷിച്ചത് 30 പേരെ
യാത്രക്കിടെ ടൂറിസ്റ്റ്ബസ്സിന്‍റെ എൻജിൻ ഭാഗത്ത് തീ; ഡ്രൈവറുടെ സഡൻ ആക്ഷൻ രക്ഷിച്ചത് 30 പേരെ

പത്തനംതിട്ട: തിരുവനന്തപുരത്തു നിന്നും വിനോദയാത്ര പോയ 30 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന്‍റെ എൻജിൻ ഭാഗത്ത് തീ പടർന്നു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ആളുകൾ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തിയപ്പോൾ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ട ഡ്രൈവർ വാഹനം വശത്തേക്ക് ഒതുക്കി നിർത്തി ആളുകളെ എല്ലാം മുൻവശത്തെ വാതിൽ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു. ഉടൻ നാട്ടുകാർ വിവരം അടൂർ ഫയർഫോഴ്‌സിനെ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ടൂറിസ്റ്റ് ബസ്. ഗുജറാത്ത് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. അല്പം വൈകിയിരുന്നെങ്കിൽ വാഹനത്തിലെ ഇലക്ട്രിക് കേബിളുകൾ കത്തി സെൻസറുകൾ പ്രവർത്തിക്കാതെ മുൻ വശത്തെ വാതിൽ തുറക്കാൻ കഴിയാതെ യാത്രക്കാർ ബസ്സിനുള്ളിൽ കുടുങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു.അടിയന്തര സാഹചര്യത്തിൽ ആളുകൾക്ക് രക്ഷപ്പെടുന്നതിന് വേണ്ട എമർജൻസി വാതിലുകൾ ബസിൽ ഉണ്ടായിരുന്നുമില്ല.ഡ്രൈവർ ആകാശിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ് അത്യാഹിതം ഒഴിവായത്.

ALSO READ:http://തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ഫയർ ഫോഴ്സ് എത്തുമ്പോൾ വണ്ടിക്കുള്ളിൽ നിറയെ പുക നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു. ഉടൻ ബസിന്‍റെ റൂഫ് ടോപ്പ് ഉയർത്തി പുക പുറത്തേക്ക് തുറന്ന് വിട്ടു. ഡ്രൈവർ ക്യാബിനുള്ളിൽ കയറി വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു. കനത്ത ചൂടിൽ എൻജിൻ ഓയിൽ ടാങ്കിന്‍റെ അടപ്പ് തെറിച്ച് എൻജിൻ ഓയിൽ പൂർണ്ണമായും കത്തിയിരുന്നു. എൻജിന്‍റെ ഭാഗത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ് എസ് നായർ, ദിനൂപ് എസ്, എസ് സന്തോഷ്, എസ് സാനിഷ്, രാജീവ് എം എസ്, എം ജെ മോനച്ചൻ, ആർ അജയകുമാർ എന്നിവരടങ്ങുന്ന ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എസ് ഐ യുടെ നേതൃത്വത്തിൽ ഏനാത്ത് പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Top