വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്ന പരാതിക്ക് പിന്നാലെ നടന്ന ബസ് പണിമുടക്ക് പുനരാരംഭിച്ചു

വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്ന പരാതിക്ക് പിന്നാലെ നടന്ന ബസ് പണിമുടക്ക് പുനരാരംഭിച്ചു
വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്ന പരാതിക്ക് പിന്നാലെ നടന്ന ബസ് പണിമുടക്ക് പുനരാരംഭിച്ചു

മലപ്പുറം: മഞ്ചേരി പോളിടെക്‌നിക് കോളജില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ജീവനക്കാരനെ മര്‍ദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ശനിയാഴ്ചയായിരുന്നു സംഭവം. ‘ഫീനിക്‌സ്’ ബസിലെ ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ചാണ് മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയത്. ശനിയാഴ്ച വൈകീട്ട് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് തുടരാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ജീവനക്കാര്‍ സ്വമേധയാ സര്‍വിസ് പുനരാരംഭിക്കുകയായിരുന്നു.

സര്‍വീസ് നിര്‍ത്തിയ ബസിന് പിഴ ചുമത്തിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയില്ലെന്ന നിയമോപദേശം കൂടി ലഭിച്ചതോടെയാണ് രണ്ട് ദിവസം നീണ്ടുനിന്ന പണിമുടക്ക് അവസാനിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ നിര്‍ബന്ധിതരായത്. 56 ബസുകളാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ സര്‍വിസ് നിര്‍ത്തിവെച്ചത്. മിന്നല്‍ പണിമുടക്ക് യാത്രക്കാരെ സാരമായി ബാധിച്ചു. കെഎസ്ആര്‍ടിസി അധിക സര്‍വിസ് നടത്തിയത് ആശ്വാസമായി. മഞ്ചേരി എസ്.ഐ കെ.ആര്‍. ജസ്റ്റിന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സര്‍വിസ് നടത്തില്ലെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചുനിന്നു.

പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെയും ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇരു വിഭാഗത്തിനെതിരെയും ഒരേ വകുപ്പുകളാണ് ചുമത്തിയത്. എന്നാല്‍, നിസാര വകുപ്പു പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്നും അറസ്റ്റ് ചെയ്യാതെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്നും ബസ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞെങ്കിലും ഞായറാഴ്ച ഉച്ചയോടെ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.

Top