ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കണം; പുരസ്കാരം തിരിച്ച് നൽകി എഴുത്തുകാരി

2016ൽ 'ഡു നോട്ട് സേ വി ഹാവ് നത്തിങ്' എന്ന നോവലിനായിരുന്നു മാഡിലീൻ തീനിന് ഗില്ലർ പുരസ്കാരം ലഭിച്ചത്

ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കണം; പുരസ്കാരം തിരിച്ച് നൽകി എഴുത്തുകാരി
ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കണം; പുരസ്കാരം തിരിച്ച് നൽകി എഴുത്തുകാരി

​ഓട്ടവ: ഗാസയിലെ ഇസ്രയേൽ വംശഹത്യയിലുള്ള പിന്തുണ അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ കനേഡിയൻ എഴുത്തുകാരി മാഡിലീൻ തീൻ സാഹിത്യ പുരസ്കാരമായ ഗില്ലർ പുരസ്കാരം തിരിച്ചുനൽകി. ഇസ്രയേലിന് ആയുധം നിർമിച്ചു നൽകുന്ന സ്ഥാപനമായ എൽബിറ്റ് സിസ്റ്റം എന്ന കമ്പനിയിൽ വലിയ നിക്ഷേപമുള്ള സ്കോട്ടിയ ബാങ്കുമായി സഹകരിച്ചാണ് ഗില്ലർ പുരസ്കാരം നൽകുന്നത്. ഈ ബന്ധം അവസാനിപ്പിക്കണമെന്നും, അല്ലെങ്കിൽ ഗില്ലർ പുരസ്കാരത്തിന്‍റെ വെബ്സൈറ്റിൽ നിന്നും പട്ടികയിൽ നിന്നും തന്‍റെ പേരും രചനകളും ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇസ്രയേലിന്‍റെ വംശഹത്യയുടെ രക്തം പുരണ്ട സ്ഥാപനവുമായുള്ള ബന്ധം ഗില്ലർ പുരസ്കാര സംഘാടകർ അവസാനിപ്പിക്കണം. പകരം ഈ വർഷത്തെ ഗില്ലർ പുരസ്കാരത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും കാനഡയിലെ പ്രമുഖ എഴുത്തുകാരിലൊരാളായ മാഡിലീൻ തീൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം ഗില്ലർ പുരസ്കാര സംഘാടകർ അം​ഗീകരിക്കാതിരുന്നതിനെ തുടർന്നാണ് മാഡിലീൻ പുരസ്കാരം തിരികെ നൽകിയത്.

Also Read: ബന്ദിമോചന വിവരങ്ങൾ ചോർത്തിയത് നെതന്യാഹുവിനെതിരായ പ്രതിഷേധം വഴിതിരിക്കാനെന്ന് റിപ്പോർട്ട്

2016ൽ ‘ഡു നോട്ട് സേ വി ഹാവ് നത്തിങ്’ എന്ന നോവലിനായിരുന്നു മാഡിലീൻ തീനിന് ഗില്ലർ പുരസ്കാരം ലഭിച്ചത്. ഈ വർഷത്തെ ഗില്ലർ പുരസ്കാരത്തിനുള്ള തുക സ്കോട്ടിയ ബാങ്കിൽ നിന്ന് സ്വീകരിക്കരുതെന്ന് മുൻ വർഷത്തെ പുരസ്കാര ജേതാക്കളും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഗാസയിലും ലബനനിലും ഇസ്രയേല്‍ നരനായാട്ട് തുടരുന്നതിനിടെ ഇസ്രയേൽ സാംസ്കാരിക സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ എഴുത്തുകാര്‍ വ്യാപക പ്രതിഷേധത്തിലാണ്. വിവേചനപരമായ നയങ്ങളിലൂടെയും സമ്പ്രദായങ്ങളിലൂടെയും പലസ്തീൻ അവകാശങ്ങൾ ലംഘിക്കുകയും ഇസ്രയേലിനെ വെള്ളപൂശുകയും ചെയ്യുന്ന ഇസ്രയേൽ സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് എഴുത്തുകാർ തുറന്ന കത്തിൽ പറഞ്ഞിരുന്നു.

Top