ലഖ്‌നൌ: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ യുപി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുക ആഗസ്റ്റ് 23, 24, 25, 30, 31 തിയ്യതികളിലാണ്. ഓരോ ഷിഫ്റ്റിലും അഞ്ച് ലക്ഷം പേര്‍ പരീക്ഷയെഴുതും. ഉത്തര്‍പ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 17, 18 തിയ്യതികളില്‍ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. റദ്ദാക്കിയ പരീക്ഷ എഴുതിയത് 42 ലക്ഷം പേരാണ്. 75 ജില്ലകളിലെ 2835 സെന്ററുകളിലാണ് പരീക്ഷ നടത്തിയത്. തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഇതിനായി ബസില്‍ യാത്ര ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അഡ്മിറ്റ് കാര്‍ഡിന്റെ രണ്ട് അധിക കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ കോപ്പികള്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കുകയും വേണം.