കല്‍പ്പറ്റ: വായനാട്ടില്‍ ഗൂഗിള്‍ മാപ്പ് നോക്കി നടക്കാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് ഓടിച്ചെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറന്‍സ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍.
15 അടി താഴച്ചയിലേക്കാണ് കാര്‍ മറിഞ്ഞുവീണത്. ബാവലി മഖാമിനും സമീപത്തുള്ള തോടിനും കുറുകെയുള്ള പാലത്തിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് പതിച്ചുവെന്നാണ് കരുതുന്നത്. വിവരം ലഭിച്ചതിന് പിന്നാലെ മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ രക്ഷിച്ച് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.