കോഴിക്കോട്: നടന്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് സെപ്റ്റംബര്‍ 13-ലേക്കു മാറ്റി. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അന്ന് കോടതിക്ക് മുന്നില്‍ ഹാജരാവണമെന്നും നിര്‍ദേശമുണ്ട്. നിര്‍മ്മാതാവും സംവിധായകനുമായ കെഎ ദേവരാജന്‍ നല്‍കിയ അപ്പീലിലാണ് നടപടി.
‘സ്വപ്നമാളിക’ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29 ന് കൈപറ്റിയെന്നും തുടര്‍ന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. മനോരമ ആഴ്ചപതിപ്പില്‍ മോഹന്‍ലാല്‍ എഴുതിയ ‘തര്‍പ്പണം’ എന്ന കഥയാണ് ‘സ്വപ്നമാളിക’ എന്ന പേരില്‍ സിനിമയാവാനിരുന്നത്.
Also Read: അന്വേഷണ സംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎല്‍എ
മോഹന്‍ലാലിന്റെ കഥ സിനിമയാകുന്നു എന്ന നിലയില്‍ അടക്കം ശ്രദ്ധനേടിയ ചിത്രം 2008 ല്‍ പുറത്തിറങ്ങേണ്ടതായിരുന്നു. 2007 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ എന്നാല്‍ പലകാരണങ്ങളാല്‍ മുടങ്ങി. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയെന്നാരോപിച്ച് മോഹന്‍ലാലും തിരക്കഥ എഴുതിയ എസ് സുരേഷ്ബാബുവും സംവിധായകന്‍ ദേവരാജിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇതേ ചിത്രത്തിന്റെ പേരില്‍ നേരത്തെ സിനിമാ താരങ്ങളായ മീരാജാസ്മിന്‍, പൃഥ്വിരാജ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് ദേവരാജന്‍ പരാതി നല്‍കിയിരുന്നു. അഡ്വാന്‍സ് ആയി പണം വാങ്ങിയെന്നും പിന്നീട് ചിത്രത്തില്‍ അഭിനയിച്ചില്ലെന്നുമായിരുന്നു പരാതി. കേസ് കോടതിയില്‍ എത്തിയതോടെ അഡ്വാന്‍സ് തുക താരങ്ങള്‍ തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.