CMDRF

മണപ്പുറം ഫിനാന്‍സില്‍ നിന്നും പണം തട്ടിയ കേസ് ഇനി ക്രൈംബ്രാഞ്ചിന്

മണപ്പുറം ഫിനാന്‍സില്‍ നിന്നും പണം തട്ടിയ കേസ് ഇനി ക്രൈംബ്രാഞ്ചിന്
മണപ്പുറം ഫിനാന്‍സില്‍ നിന്നും പണം തട്ടിയ കേസ് ഇനി ക്രൈംബ്രാഞ്ചിന്

തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. മുഖ്യ പ്രതി ധന്യ മോഹനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാവും കേസ് കൈമാറുക. തട്ടിയെടുത്ത ഇരുപത് കോടി എട്ട് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്. മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹന്‍ എണ്‍പത് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോള്‍ 19.94 കോടി തട്ടിയെന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.

രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സര്‍ക്കുലറുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക. ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധന്യയുടെയും ബന്ധുക്കളുടെയും നാലു വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛന്റെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച് ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ടെ വീട്ടില്‍ ധന്യ തനിച്ചായിരുന്നു താമസം.

തട്ടിപ്പിന്റെ തുടക്കത്തില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിന്റെ കുഴല്‍പ്പണ സംഘങ്ങള്‍ വഴി പണം നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ റമ്മി ഇടപാടില്‍ രണ്ടു കോടി രൂപ മുടക്കിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടുകള്‍, സ്വത്തുക്കള്‍ എന്നിവ മരവിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ധന്യക്ക് മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. ഒളിവിലുള്ള ധന്യയുടെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ക്കായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു പണം തട്ടല്‍.

Top