കൊച്ചി: സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വേഗത്തിൽ പോകാത്തതിന് കാരണം കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പി. രാജീവ്. തീരദേശ സംരക്ഷണത്തിൽ കേന്ദ്രം സഹകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തു. കേന്ദ്രം ഒരു രൂപ പോലും ഇപ്പോൾ നൽകുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ലത്തീൻ കാത്തലിക് കൗൺസിൽ പരിപാടിയിലാണു മന്ത്രിയുടെ വിമർശനം.
കിഫ്‌ബി വഴി നടത്തുന്ന പദ്ധതികളെ കേന്ദ്രം ഇല്ലാതാക്കുന്നു. പല പദ്ധതികളുടെയും വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഉണ്ടായിരുന്ന കേന്ദ്ര പദ്ധതികൾ നിലയ്ക്കുകയും ചെയ്തു. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടത് കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ വകുപ്പ് അല്ലാതിരുന്നിട്ടും മന്ത്രി ആയതിനുശേഷം ആദ്യം നടത്തിയ യോഗം ചെല്ലാനം തീരസംരക്ഷണത്തിനു വേണ്ടിയായിരുന്നു.
ടെട്രോപാഡ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടം പൂർത്തിയാക്കി. സാമ്പത്തിക പരിമിതി മറികടക്കാനാണ് കിഫ്ബി കൊണ്ടുവന്നത്. രണ്ടാംഘട്ട പദ്ധതികൾക്ക് ധാരണയായെങ്കിലും കോടതിയും ഇ.ഡി ഓഫിസും കയറുന്ന പണിയിലാണ് കിഫ്ബി ഉദ്യോഗസ്ഥർ. ഓഫിസർമാർക്ക് പുതിയ പദ്ധതി ഏറ്റെടുക്കാൻ പരിമിതിയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.