ന്യൂഡല്‍ഹി: ധാതുസമ്പത്തിനുമേല്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന് സുപ്രീംകോടതി വിധി കേന്ദ്രം എതിര്‍ത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേത്യത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ജൂലൈ 25 ലെ സുപ്രധാന വിധിക്ക് ശേഷമാണിത്. ധാതുക്കളുടെയും ധാതുസമ്പുഷ്ട ഭൂമിയുടെയും മേല്‍ ഈടാക്കുന്ന റോയല്‍റ്റി നികുതിയായി കണക്കാക്കാനാവില്ലെന്നും ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിയിരുന്നു. നികുതി ചുമത്താനുള്ള അധികാരം തങ്ങള്‍ക്ക് മാത്രമാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിലെ എട്ടുപേരും സംസ്ഥാനങ്ങള്‍ക്കനുകൂലമായി ഭൂരിപക്ഷ വിധി എഴുതിയത്.
ഖനന, ധാതു നിയന്ത്രണ നിയമം പ്രകാരം റോയല്‍റ്റി നികുതിയാണോ, ഖനനത്തിനുമേല്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് മാത്രമാണോ അവകാശം, തങ്ങളുടെ അധികാര പരിധിയിലെ ഭൂമിയിലുള്ള ഖനനത്തിന് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, അഭയ് എസ്. ഓക്ക, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര, ഉജ്ജല്‍ ഭൂയാന്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരായിരുന്ന ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
ധാതുക്കളുടെ അവകാശങ്ങള്‍ക്ക് നികുതി നല്‍കാനുള്ള അവകാശം സ്ഥിരീകരിച്ചുകൊണ്ട് ഗണ്യമായ നേട്ടമുണ്ടാക്കിയ സുപ്രധാന വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി കേന്ദ്രത്തില്‍ നിന്ന് റോയല്‍റ്റി റീഫണ്ട് ചെയ്യാന്‍ അനുവദിക്കുന്ന സുപ്രീം കോടതി വിധി മുന്‍കാല പ്രാബല്യത്തോടെ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥനയെ കേന്ദ്രം എതിര്‍ക്കുകയായിരുന്നു.
ധാതുസമ്പുഷ്ട സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഢ് തുടങ്ങിയവക്ക് കൂടുതല്‍ വരുമാനത്തിന് വഴിയൊരുക്കുന്നതാണ് വിധി. കേന്ദ്രം ഈടാക്കിയ കോടിക്കണക്കിന് രൂപയുടെ നികുതി തിരികെ ലഭിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇത് എതിര്‍ക്കുകയായുരുന്നു.