CMDRF

ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കും

ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കും
ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കും

ഡൽഹി: രാജ്യത്ത് ഉപഭോഗവർധന ലക്ഷ്യമിട്ട് ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റായതിനാൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഇതിൽ ഇടംപിടിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദായ നികുതിയിലും സർക്കാർ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ് വാർത്തകൾ.

പുതിയ നികുതി സ്കീമിലാവും മാറ്റങ്ങൾക്ക് സാധ്യത. ആദായ നികുതി ഇളവ് പരിധി മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമാക്കി ഉയർത്തും. പരിധി അഞ്ച് ലക്ഷം രൂപയാക്കിയാൽ വരുമാനത്തിന് ആനുപാതികമായി 10,000 രൂപ മുതൽ 13,000 രൂപ വരെ നികുതിദായകന് ലാഭിക്കാൻ കഴിയും. ഇത് ഉപഭോഗം ഉയർത്തുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, പഴയ നികുതി സ്കീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്. ആളുകൾ പഴയ നികുതി സ്കീം ഒഴിവാക്കി പൂർണമായി പുതിയതിലേക്ക് മാറണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹം. ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഇനി പുതിയ നികുതി സ്കീമിലാവും ഇളവുകൾക്ക് സാധ്യത.

കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ പ്രതീക്ഷിച്ച 19.45 ലക്ഷം കോടി രൂപയെ മറികടന്ന് വരുമാനം 19.58 ലക്ഷം കോടിയിലെത്തിയിരുന്നു. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 17 വരെയുള്ള കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനത്തിൽ 21 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.

Top