വീണാ ജോര്‍ജിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരം: വി.ഡി. സതീശന്‍

വീണാ ജോര്‍ജിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരം: വി.ഡി. സതീശന്‍

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുവൈത്തിലേക്ക് പോകാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ഡി. സതീശന്‍. കുവൈത്തിലേക്ക് പോകാനായി ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

‘ഇത്തരം സംഭവങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അവിടെയുണ്ടാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്രത്തിന്റെ പ്രതിനിധി നേരത്തേ പോയി. സംസ്ഥാനത്തിന്റെ പ്രതിനിധികൂടി ഉണ്ടെങ്കില്‍ അവിടെയുള്ള മലയാളി സംഘടനകളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് കൂറേക്കൂടി ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തപ്പോള്‍തന്നെ ഒരു മണിക്കൂറിനുള്ളില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കി ആരോഗ്യമന്ത്രിക്ക് ആവിടെ എത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സംസ്ഥാന ആരോഗ്യമന്ത്രിക്ക് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പോകാന്‍ കഴിയാഞ്ഞത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റേത് ആവശ്യമില്ലാത്ത സമീപനമാണെന്നും ഒരുകാരണവശാലും അതിനോട് യോജിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Top