ഒറ്റ വിക്ഷേപണമായല്ല, മറിച്ച് ഇരട്ടവിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യം, ശേഷം ബഹിരാകാശത്ത് വെച്ചാണ് ഭാഗങ്ങൾ യോജിപ്പിക്കുക

ഒറ്റ വിക്ഷേപണമായല്ല, മറിച്ച് ഇരട്ടവിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യം, ശേഷം ബഹിരാകാശത്ത് വെച്ചാണ് ഭാഗങ്ങൾ യോജിപ്പിക്കുക

ന്യൂഡൽഹി: ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്ന ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. മുൻ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, മറിച്ച് ഇരട്ടവിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യത്തിൽ നടക്കുകയെന്ന് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് വ്യക്തമാക്കി. ചന്ദ്രയാൻ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുക. ശേഷം ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും.നിലവിൽ ഐഎസ്ആർഒ ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകൾക്ക് വഹിക്കാനാവുന്നതിനേക്കാൾ കൂടുതൽ ഭാരം ചന്ദ്രയാൻ 4 ദൗത്യത്തിനുണ്ടാവുമെന്നതിനാലാണ് ഐഎസ്ആർഒ ഇരട്ട വിക്ഷേപണം എന്ന ആശയത്തിലെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ബഹിരാകാശത്ത് വെച്ച് വ്യത്യസ്‌ത പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ മുമ്പ് പല ദൗത്യങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ ഒരു പക്ഷെ, ഒരു ബഹിരാകാശ പേടകത്തിൻ്റെ ഭാഗങ്ങൾ രണ്ട് തവണയായി വിക്ഷേപിക്കുകയും ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്നതും ആദ്യമായിരിക്കും.ബഹിരാകാശ പേടകത്തിൻ്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികൾ നടക്കുകയാണെന്നും ‘സ്പെഡെക്‌സ് എന്ന പേരിൽ ഈ വർഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് പറഞ്ഞു.

ചന്ദ്രനിൽ നിന്ന് പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ മോഡ്യൂളുകൾ തമ്മിൽ ഡോക്ക് ചെയ്യാറുണ്ട്. മോഡ്യൂളുകളുടെ ഭാരം ക്രമീകരിക്കാനും മറ്റും ഇത് ഉപകാരപ്രദമാണ്. ഉദാഹരണത്തിന് ലാന്റ്റിങ് സമയത്ത് പ്രധാന പേടകത്തിൽ നിന്ന് ഒരുഭാഗം വേർപെട്ട് ഭ്രമണ പഥത്തിൽ തുടരും. ലാന്റർ ചന്ദ്രനിൽ ലാന്റ് ചെയ്‌ത്‌ ദൗത്യം പൂർത്തിയാക്കിയശേഷം ഭ്രമണ പഥത്തിലേക്ക് ഉയരുകയും നേരത്തെ വേർപെട്ട പരിക്രമണ ഭാഗവുമായി ബന്ധിപ്പിക്കുകയും ആ ഭാഗത്തിന്റെ സഹായത്തോടെ ഭൂമിയിലേക്ക് കുതിക്കുകയും ചെയ്യും. എന്നാൽ ഒരു ചാന്ദ്രദൗത്യ വിക്ഷേപണ വാഹനത്തിൻ്റെ മോഡ്യൂളുകൾ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ വെച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്.
മുമ്പ് നടത്തിയ ദൗത്യങ്ങളിലൊന്നും തന്നെ ഐഎസ്ആർഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല. സ്പെഡ്എക്‌സിലൂടെ നടത്തുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷണം ബഹിരാകാശ നിലയം ഉൾപ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിർമാണവും വ്യത്യസ്‌ത ഭാഗങ്ങൾ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിചേർത്തുകൊണ്ടായിരിക്കും.

ചന്ദ്രയാൻ 4 പദ്ധതിക്കായുള്ള നിർദേശം സർക്കാരിൻ്റെ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ‘വിഷൻ 47’ ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിർദേശങ്ങളിൽ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷൻ 47. ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട ചില വിവരങ്ങളും സോമനാഥ് പങ്കുവെച്ചു. ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട സർക്കാരിന് നൽകാനുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിഎഎസിന്റെ ആദ്യ ഭാഗത്തിൻ്റെ വിക്ഷേപണം നിലവിലുള്ള ലോഞ്ച് വെഹിക്കിൾ 3 റോക്കറ്റ് ഉപയോഗിച്ചാവും. 2028 ഓടെ ഈ വിക്ഷേപണം നടത്താനാണ് പദ്ധതി. ശേഷം പരിഷ്‌കരിച്ച എൽവിഎം-3 റോക്കറ്റോ, നിർമാണത്തിലുള്ള പുതിയ ഹെവി റോക്കറ്റായ നെക്സ്റ്റ് ജെനറേഷൻ ലോഞ്ച് വെഹിക്കിളോ (എൻജിഎൽവി) ഉപയോഗിച്ചായിരിക്കും നിലയത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളുടെ വിക്ഷേപണമെന്നും അദ്ദേഹം പറഞ്ഞു. എൻജിഎൽവിയ്ക്ക് വേണ്ടി പുതിയ വിക്ഷേപണത്തറ നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലുള്ളത് അതിന് അനുയോജ്യമല്ലെന്നും സോമനാഥ് പറയുകയുണ്ടായി.

Top