ലോകത്തിന്റെ മനസ്സ് കീഴടക്കി സൗദിയിലെ ചീറ്റപ്പുലി കുഞ്ഞുങ്ങള്‍

ലോകത്തിന്റെ മനസ്സ് കീഴടക്കി സൗദിയിലെ ചീറ്റപ്പുലി കുഞ്ഞുങ്ങള്‍
ലോകത്തിന്റെ മനസ്സ് കീഴടക്കി സൗദിയിലെ ചീറ്റപ്പുലി കുഞ്ഞുങ്ങള്‍

റിയാദ്: സൗദിയിലെ ചീറ്റപ്പുലി കുട്ടികളുടെ ജനനം ഒരു വലിയ വിജയഗാഥയായി ‘ബി.ബി.സി വൈല്‍ഡ് ലൈഫ് മാസിക’യില്‍. ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിജയഗാഥകളുടെ പട്ടികയില്‍ ഒന്നാമതായാണ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.

‘വംശനാശം സംഭവിച്ച് 40 വര്‍ഷത്തിന് ശേഷം സൗദി അറേബ്യയില്‍ നാല് പുതിയ ചീറ്റക്കുട്ടികളുടെ ജനനം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രജനനത്തിലും പുനരധിവാസത്തിനും മികച്ച അന്താരാഷ്ട്ര രീതികള്‍ സ്വീകരിച്ച് ചീറ്റപ്പുലികളെ വീണ്ടെടുക്കാന്‍ സൗദിയിലെ വന്യമൃഗ സംരക്ഷണകേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ മാസിക എടുത്തുപറയുന്നുണ്ട്.

പാരിസ്ഥിതിക സുസ്ഥിരത വര്‍ധിപ്പിക്കുന്നതിന് ജൈവവൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നതിനും ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പാരിസ്ഥിതിക ശ്രമങ്ങള്‍, സംരക്ഷണ സംരംഭങ്ങള്‍, പരിപാടികള്‍ എന്നിവയുടെ ആഗോള പ്രതിധ്വനിയായാണ് ബി.ബി.സി മാസികയിലെ ചീറ്റപ്പുലി കുട്ടികളുടെ ജനനം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രതിഫലിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 24നാണ് സൗദിയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാല് ചീറ്റപ്പുലി കുഞ്ഞുങ്ങള്‍ സൗദിയില്‍ പിറന്ന വിവരം ദേശീയ വന്യജീവി വികസന കേന്ദ്രം പ്രഖ്യാപിച്ചത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചീറ്റപ്പുലിയെയും അതിനെ പുനരധിവസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും പരിചയപ്പെടുത്താന്‍ സംഘടിച്ച ഒരു സെഷനിലായിരുന്നു ഇത്.

ചീറ്റപ്പുലിക്കുട്ടികളുടെ ജനനം ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംയോജിത രീതിശാസ്ത്രത്തോടെ തയ്യാറാക്കിയ ചീറ്റപ്പുലി സംരക്ഷണ ദേശീയ പദ്ധതിയുടെ പൂര്‍ത്തീകരണമാണെന്ന് ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുര്‍ബാന്‍ സെഷനില്‍ പറഞ്ഞിരുന്നു. 40 വര്‍ഷത്തിലേറെയായി അറേബ്യന്‍ ഉപദ്വീപില്‍ വംശനാശം സംഭവിച്ച ഇനങ്ങളില്‍ ഒന്നാണ് വേട്ടയാടുന്ന ചീറ്റപ്പുലി.

സൗദിയുടെ വടക്കുഭാഗത്ത് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ‘ചീറ്റ മമ്മി’കളുടെ സമീപകാല കണ്ടെത്തലുകള്‍ ചീറ്റകളുടെ യഥാര്‍ഥ ഭവനമായ അറേബ്യന്‍ ഉപദ്വീപിന്റെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ മൂല്യത്തെ പ്രതിഫലിപ്പിക്കുന്നു. ചിട്ടയായതും സംയോജിതവുമായ ഒരു പദ്ധതിക്ക് അനുസൃതമായി ചീറ്റയെ വീണ്ടെടുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പ്രോത്സാഹനത്തെ ഇത് പ്രതിനിധീകരിക്കുന്നുവെന്നും ഖുര്‍ബാന്‍ സൂചിപ്പിച്ചിരുന്നു.

Top