CMDRF

ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ ചോര്‍ത്തലില്‍ നടപടി അറിയിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം

സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ ചോര്‍ത്തലില്‍ നടപടി അറിയിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം
ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ ചോര്‍ത്തലില്‍ നടപടി അറിയിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെയും മറ്റു പലരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബാഹ്യശക്തികള്‍ക്കു സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന വിമര്‍ശനവും മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ചിട്ടുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് സ്വമേധയാ ഗവര്‍ണറുടെ ഇടപെടല്‍. ‘മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതിനെ അതീവ ഗൗരവമായി കാണണം. സുപ്രീം കോടതി ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണിത്’ കത്തില്‍ പറയുന്നു.

എംഎല്‍എയും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ, എംഎല്‍എ പുറത്തുവിട്ട ഓഡിയോ ക്ലിപ് വളരെ ഗുരുതരമാണെന്നു ഗവര്‍ണര്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരും തമ്മില്‍ ബന്ധമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഇവരുടെ സംഭാഷണമെന്നു സുജിത്ദാസും അന്‍വറും തമ്മിലുള്ള ഫോണ്‍ കോള്‍ പരാമര്‍ശിച്ച് ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു.

ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്‍വറിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എംഎല്‍എ തന്നെ ഫോണ്‍ ചോര്‍ത്തിയതായി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തിലും നിയമപ്രകാരമുള്ള നടപടികള്‍ വേണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

Top