കമ്യൂണിസ്റ്റ് മാതാപിതാക്കളുടെ മകൾ മുഖ്യമന്ത്രി, ഡൽഹിയിലെ എ.എ.പി പരീക്ഷണത്തിൽ അമ്പരന്ന് ബി.ജെ.പി !

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുക്കുക വഴി പുതിയ പോര്‍മുഖമാണ് ആം ആദ്മി പാര്‍ട്ടി സൃഷ്ടിച്ചിരിക്കുന്നത്

കമ്യൂണിസ്റ്റ് മാതാപിതാക്കളുടെ മകൾ മുഖ്യമന്ത്രി, ഡൽഹിയിലെ എ.എ.പി പരീക്ഷണത്തിൽ അമ്പരന്ന് ബി.ജെ.പി !
കമ്യൂണിസ്റ്റ് മാതാപിതാക്കളുടെ മകൾ മുഖ്യമന്ത്രി, ഡൽഹിയിലെ എ.എ.പി പരീക്ഷണത്തിൽ അമ്പരന്ന് ബി.ജെ.പി !

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ പടര്‍ത്തുന്ന ഒന്നാന്തരം ഒരു നീക്കമാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുക്കുക വഴി പുതിയ പോര്‍മുഖമാണ് ആം ആദ്മി പാര്‍ട്ടി സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഒരേസമയം ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും വെല്ലുവിളിയാണ്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ഒരു വനിത എത്തുമ്പോള്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ ഡല്‍ഹിയില്‍ ഈ നീക്കം ആം ആദ്മി പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്മൃതി ഇറാനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി അണിയറയില്‍ ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കെജ്രിവാളിന്റെ രാജി പ്രഖ്യാപനം ഉണ്ടായത്.

‘താന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്നും തന്റെ കാര്യം ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ’ എന്നതാണ് കെജ്രിവാള്‍ സ്വീകരിച്ചിരിക്കുന്ന നയം. ഈ തീരുമാനത്തിനാണ് ആം ആദ്മി പാര്‍ട്ടിയും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഡല്‍ഹി മദ്യനയ കേസില്‍ നിരവധി മാസങ്ങളായി ജയിലില്‍ ആയിരുന്ന കെജ്രിവാള്‍ ഈ കേസില്‍ പ്രതിയായിരിക്കെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വീണ്ടും ഭരണം ലഭിച്ചാലും സാധ്യത കുറവാണ്. കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായാല്‍ മാത്രമേ ഇനി മുഖ്യമന്ത്രി പദം കെജ്രിവാള്‍ ഏറ്റെടുക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. മദ്യനയക്കേസ് റദ്ദാക്കണമെന്ന കാര്യത്തില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനാല്‍ മാത്രമാണ് ഇത്തവണ ആ കേസ് റദ്ദാക്കപ്പെടാതിരുന്നത്. എന്നാല്‍, അധികം താമസിയാതെ കോടതിയില്‍ സത്യം തെളിയുമെന്ന് തന്നെയാണ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്.

Arvind kejriwal

മനീഷ് സിസോദിയയുടെ വീട്ടില്‍ വെച്ച് ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് കെജ്രിവാള്‍ രാജിക്കാര്യം അറിയിച്ചത്. എന്നാല്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അപ്പോഴും വ്യക്തത വരുത്തിയിരുന്നില്ല. ആ സസ്പെന്‍സാണ് അതിഷിയുടെ നിയോഗത്തിലൂടെ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പ് നേരത്തെ ആക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഡല്‍ഹിയെയും പരിഗണിക്കണമെന്നതാണ് അവരുടെ ആവശ്യം.

Also Read: അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന

അതേസമയം, നവംബര്‍ വരെയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെയോ ആയിരിക്കും അതിഷി മുഖ്യമന്ത്രി പദവിയില്‍ ഉണ്ടാവുക എന്ന പ്രചരണവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്. കെജ്രിവാള്‍ അല്ലെങ്കില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ പദവിയിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാല്‍, സിസോദിയയും കെജ്രിവാളിനൊപ്പം ഡല്‍ഹി മദ്യനയ കേസില്‍ കൂട്ടുപ്രതി ആയതിനാല്‍ കെജ്രിവാള്‍ മാറി നില്‍ക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചാലും സിസോദിയയ്ക്ക് പകരം ചുമതല ഏറ്റെടുക്കാന്‍ ധാര്‍മ്മികമായി കഴിയുകയില്ല. ഇക്കാര്യത്തില്‍ കെജ്രിവാളിന്റെ നിലപാടാകും നിര്‍ണ്ണായകമാവുക.

Manish sisodia

അതേസമയം, ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ച പൊളിഞ്ഞതിനാല്‍ കോണ്‍ഗ്രസ്സ് ഒറ്റയ്ക്കാണ് ഡല്‍ഹിയില്‍ ഇത്തവണയും മത്സരിക്കാന്‍ പോകുന്നത്. കെജ്രിവാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വലിയ തോതില്‍ പ്രചരണം അഴിച്ചുവിടാനുള്ള ബി.ജെ.പി നീക്കവും കെജ്രിവാള്‍ രാജിവച്ച സാഹചര്യത്തില്‍ ഇനി ഏശാന്‍ സാധ്യതയില്ല. ഇവിടെ അതിഷി എന്ന യുവതി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും വലിയ വെല്ലുവിളിയായി മാറും. കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മാറുമ്പോള്‍ രാജ്യം മൊത്തം സഞ്ചരിച്ച് ബി.ജെ.പിക്ക് എതിരെ പ്രചരണം നടത്താന്‍ കെജ്രിവാളിന് ഇനി സാധിക്കും. അധികാരമുള്ള കെജ്രിവാളിനേക്കാള്‍ അധികാരം ഇല്ലാത്ത കെജ്രിവാളിനെയാണ് ബി.ജെ.പി ഇനി ഭയപ്പെടേണ്ടി വരിക.

Also Read: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും വരുന്ന ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഇതിനകം തന്നെ അതിഷി മര്‍ലേന വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കെ ഇവരുടെ പാരമ്പര്യവും സംസ്‌കാരവും നിരവധി തവണ ബിജെപി ചോദ്യം ചെയ്തിട്ടുണ്ട്. മര്‍ലേന എന്ന പേര് ഭാരതീയമല്ലെന്നതായിരുന്നു അവരുടെ പ്രധാന ആരോപണം. എന്നാല്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരും ലോകനേതാക്കളുമായ കാള്‍ മാര്‍ക്‌സിലെ ‘മാര്‍’ ഉം വ്‌ലാഡിമിര്‍ ലെനിനിലെ ‘ലെന’യും ചേര്‍ത്താണ് മാര്‍ലേന എന്ന പേരുണ്ടായത് എന്നത് ഇപ്പോഴും ബിജെപി നേതാക്കള്‍ക്ക് പിടികിട്ടിയിട്ടില്ല. ഇങ്ങനെയൊരു പേര് അതിഷിക്ക് നല്‍കിയത് മാതാപിതാക്കളും ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിയുമാണ്. ശക്തരായ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാര്‍. മാര്‍ക്‌സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് ഇവര്‍ മകളുടെ പേരിനൊപ്പം മര്‍ലേന എന്നുകൂടി ചേര്‍ത്തിരുന്നത്.

Atishi Marlena

1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്‌ഡെയ്ല്‍ സ്‌കൂളില്‍ നിന്നാണ്. പിന്നീട് സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടുകയുണ്ടായി. ഒന്നാം റാങ്കുകാരിയായി ബിരുദം സ്വന്തമാക്കിയ അതിഷി പിന്നീട് പോയത് ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലേക്കാണ്. 2003ല്‍ ഉന്നതനിലയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് ഓക്‌സ്ഫഡില്‍നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയിരുന്നത്. പിന്നീട് കുറച്ചുകാലം റിഷിവാലി സ്‌കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നത്.മികച്ച പ്രാസംഗിക കൂടിയാണ് അതിഷി. ഇവര്‍ പ്രസംഗിച്ചു തുടങ്ങുന്നതോടെ എതിരാളികള്‍ പോലും നിശ്ശബ്ദരാകുന്ന കാഴ്ചയ്ക്ക് പലവട്ടമാണ് ഡല്‍ഹി നിയമസഭ സാക്ഷ്യംവഹിച്ചിരുന്നത്. മാതാപിതാക്കളെ പോലെ കമ്യൂണിസ്റ്റായില്ലെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ അതിഷി എന്ന രാഷ്ട്രീയക്കാരിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

വീഡിയോ കാണുക

Top