തിരുവനന്തപുരം: അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. അര്‍ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്.
ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ അറിയിച്ചു.