തിരുവനന്തപുരം: തൃശൂര്‍ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂരം നടത്തിപ്പ് സംബന്ധിച്ച് ദേവസ്വങ്ങളുടെ പരാതിക്കൊപ്പം മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ശരിയല്ലാത്ത നടപടിയുണ്ടായി എന്ന പരാതിയുമുണ്ട്. അത്തരം പരാതികളെക്കുറിച്ചെല്ലാം അന്വേഷണം നടത്തും. വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂര്‍ പൂരത്തിന് ആചാരങ്ങള്‍ അറിയാത്ത പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വരുംകാലങ്ങളില്‍ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തും. പൂരത്തിനിടയിലെ പൊലീസ് നടപടിയില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി കെ രാജന്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചു.