തിരുവനന്തപുരം: ലൈസൻസ് എടുത്തുകൊടുക്കുക മാത്രമല്ല, സമൂഹത്തിനു ചേരുന്ന നിലയിൽ വാഹനം ഉപയോഗിക്കാനും പഠിപ്പിക്കുകയാണ് ഡ്രൈവിങ് പഠനകേന്ദ്രങ്ങളുടെ ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. ഏതു പരിഷ്‌കാരം വരുമ്പോഴും അതിനോടു ചില എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ, ഇത്തരം പരിഷ്‌കാരങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുന്നതോടെ അവയെല്ലാം ഇല്ലാതായിത്തീരുമെന്നത് അനുഭവത്തിൽനിന്നു വ്യക്തമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
റോഡ് സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെ.എസ്.ആർ.ടി.സി.യും സ്വീകരിച്ചിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ സർക്കാരിനെ വെല്ലുവിളിച്ചതുകൊണ്ടാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്‌കൂൾ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. 22 സ്ഥലങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകൾക്ക് സ്ഥലം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ 14 ഇടത്താണ് ആരംഭിക്കുക.