പത്തനംതിട്ട: വാഹനപകടത്തില്‍ മരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്‍) സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭാ നേതൃത്വം സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിക്കുക. അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
അമേരിക്കയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന യോഹന്നാന്‍ 1974 ല്‍ അമേരിക്കയിലെ ഡാലസില്‍ തിയോളജി പഠനം ആരംഭിച്ചു. ചെന്നൈ ഹിന്ദുസ്ഥാന്‍ ബൈബിള്‍ കോളെജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാന്‍ നേറ്റീവ് അമേരിക്കന്‍ ബാപ്പിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുമായിരുന്നു. 1983ലാണ് തിരുവല്ല നഗരത്തിനു ചേര്‍ന്ന മാഞ്ഞാടിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്ക് രൂപം നല്‍കിയത്. 1990 ല്‍ സ്വന്തം സഭയായ ബിലിവേഴ്‌സ് ചര്‍ച്ചിന് രൂപം നല്‍കി. 2003 ലാണ് സ്ഥാപക ബിഷപ്പായത്.
വാഹനാപകടത്തില്‍ ഇപ്പോള്‍ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ കുടുംബത്തില്‍ ജനിച്ച കെ പി യോഹന്നാന്‍ 16 ാം വയസ്സിലാണ് ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയുടെ ഭാഗമാവുന്നത്.