തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതല്‍ ദൃഢമാക്കുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖമന്ത്രി പിണറായി വിജയന്‍. ചേലക്കരയിലേത് തിളങ്ങുന്ന വിജയം. ഭരണവിരുദ്ധ വികാരമെന്ന പ്രചരണം ലവലേശം ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും മുഖമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കുപ്രചരണങ്ങളെയും കടന്നാക്രമങ്ങളെയും ജനം മുഖവിലയ്‌ക്കെടുത്തില്ല. പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ട് മുന്‍ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളില്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വര്‍ധിച്ച ഊര്‍ജ്ജം നല്‍കുന്നതാണ് ഈ ജനവിധി. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. വര്‍ഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഒരു സന്ദേശം.
Also Read: ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം: പി സരിന്‍
വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ നേരത്തേയുള്ളതില്‍ നിന്നും കൂടുകയാണുണ്ടായത്. ചില താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തില്‍ ശാശ്വതമായ ചലനം ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ചത് ചൂണ്ടിക്കാട്ടി അവര്‍ മുഴക്കിയ അവകാശവാദങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുന്നുവെന്നും എല്‍ഡിഎഫിന് വോട്ടുചെയ്ത മുഴുവന്‍ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു.