തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഈ കോച്ച് വർഷങ്ങളായി നടത്തുന്ന പീഢനം സംബന്ധിച്ച് കെ.സി.എ അധികൃതർ അറഞ്ഞില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ വരെ ഉയർത്തിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ ഇരകളുടെ മൊഴിയും നിർണ്ണായകമാകും. സംസ്ഥാനത്തെ ഞെട്ടിച്ച പീഢന കേസിൽ വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധമായി പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കേരള ക്രിക്കറ്റ് അസോസിയേഷൻ ( കെ.സി.എ ) വിശദീകരിക്കേണ്ടി വരും. പെൺകുട്ടികളുടെ പരാതി ലഭിച്ചിട്ടും കെ.സി.എ നടപടി എടുത്തില്ലന്ന് തെളിഞ്ഞാൽ കെ.സി.എ ഭാരവാഹികൾക്കെതിരെയും പൊലീസിന് കേസെടുക്കേണ്ടി വരും. മാത്രമല്ല, ഈ പീഢന സംഭവത്തിൽ മറ്റെതെങ്കിലും ഉന്നതൻ ഉൾപ്പെട്ടതായി തെളിഞ്ഞാലും കർശന നടപടിയുണ്ടാകും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തിൽ പൊലീസ് നടത്തുന്നത്.
സംസ്ഥാന രഹസ്യാനേഷണ വിഭാഗം കൂടി മോണിറ്റർ ചെയ്യുന്ന അന്വേഷണമായതിനാൽ ഏതെങ്കിലും തരത്തിലുളള വീഴ്ച പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തുടർ നടപടിക്കും സാധ്യതയുണ്ട്.
പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെ.സി.എയിൽ കോച്ചാണ്. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് ഇയാൾക്ക് എതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രധാന പരാതി. മനുവിനെ പോക്സോ കേസിൽ പ്രതി ചേർത്ത് റിമാൻ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രം ഇയാൾ പകർത്തിയെന്നും ഇതിനകം തന്നെ ആരോപണമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മനുവിൻ്റെ മൊബൈൽ ഫോണും പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് പ്രതി പീഡിപ്പിക്കുന്നത് എന്നാണ് എഫ്. ഐ.ആറിൽ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ്.
ഒരു പെൺകുട്ടി പരാതിയുമായി രംഗത്ത് വന്നതോടെയാണ് കൂടുതൽ കുട്ടികൾ പരാതി നൽകാൻ തയ്യാറായിരുന്നത്.