ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ കോസ്റ്റ് ഗാര്‍ഡ് രജിസ്റ്റര്‍ ചെയ്തത് 820 കേസുകള്‍

രജിസ്‌ട്രേഷന്‍, ലൈസന്‍സിങ് നിയമങ്ങള്‍, ചെറുമീനുകളും ചെമ്മീനുകളും പിടിക്കല്‍, നിരോധിത ഫ്‌ലോട്ടിങ് മീന്‍പിടിത്ത വലകള്‍ ഉപയോഗിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കാണ് കേസെടുത്തത്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ കോസ്റ്റ് ഗാര്‍ഡ് രജിസ്റ്റര്‍ ചെയ്തത് 820 കേസുകള്‍
ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ കോസ്റ്റ് ഗാര്‍ഡ് രജിസ്റ്റര്‍ ചെയ്തത് 820 കേസുകള്‍

മനാമ: 2024 ജനുവരി മുതല്‍ ജൂലൈ വരെ കോസ്റ്റ് ഗാര്‍ഡ് രജിസ്റ്റര്‍ ചെയ്തത് 820 കേസുകള്‍. രജിസ്‌ട്രേഷന്‍, ലൈസന്‍സിങ് നിയമങ്ങള്‍, ചെറുമീനുകളും ചെമ്മീനുകളും പിടിക്കല്‍, നിരോധിത ഫ്‌ലോട്ടിങ് മീന്‍പിടിത്ത വലകള്‍ ഉപയോഗിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കാണ് കേസെടുത്തത്.

1,661 കിലോഗ്രാം മത്സ്യവും ചെമ്മീനും പിടിച്ചെടുത്തതായും തീരസംരക്ഷണ സേന അറിയിച്ചു. അപകടത്തില്‍പെട്ട 471 പേരെയും 318 ബോട്ടുകളെയും രക്ഷിക്കാനും കോസ്റ്റ് ഗാര്‍ഡിന് കഴിഞ്ഞു.

ബഹ്റൈന്‍ കടലില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞദിവസവും നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ‘കോഫ’ എന്നറിയപ്പെടുന്ന നിരോധിത ബോട്ട് ട്രോളിങ് വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തവേയാണ് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായത്.

ഏകദേശം 40 കിലോ ചെമ്മീന്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. ലൈഫ് ജാക്കറ്റുകള്‍, പ്രഥമശുശ്രൂഷ കിറ്റ്, അഗ്‌നിശമന ഉപകരണം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഇവരുടെ ബോട്ടിലുണ്ടായിരുന്നില്ല. നിരോധിത മീന്‍പിടിത്ത വലകള്‍ ഉപയോഗിക്കുക, കൂട്ടിയിടി തടയാന്‍ നാവിഗേഷന്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ലൈസന്‍സില്ലാതെ മത്സ്യബന്ധനം, സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധനയില്‍നിന്ന് തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും നിയമങ്ങളും പട്രോളിങ് നിര്‍ദേശങ്ങളും പാലിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ഥിച്ചു. കടല്‍, കര പട്രോളിങ്ങുമായി സഹകരിക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഒരു വര്‍ഷംവരെ തടവും 2,000 ദിനാര്‍ വരെ പിഴയും ലഭിക്കും.

Top