ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ പൊതു പൂര്‍വിക ജീവിയായ ലൂക്കയുടെ (LUCA-Last Universal Common Ancestor) പ്രായം ഇതുവരെ കണക്കാക്കിയതിനേക്കാള്‍ ഏകദേശം 90 കോടി വര്‍ഷം അധികമാണെന്ന് പുതിയ പഠനം. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെയടക്കം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും ചെറിയ ബാക്ടീരിയ മുതല്‍ ഏറ്റവും വലിയ നീലത്തിമിംഗലങ്ങള്‍ക്ക് വരെ പൊതു പൂര്‍വികന്‍ ലൂക്കയെന്നാണ് ശാസ്ത്രം പറയുന്നത്. 450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം. ഭൂമി ഉണ്ടായി, ഏകദേശം 3.4 -4 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കിടെയാണ് ലൂക്കയുണ്ടായതെന്നാണ് കണക്കാക്കിയിരുന്നത്.
എന്നാല്‍, 4.2 ബില്ല്യണ്‍ (420 കോടി) വര്‍ഷമാണ് ലൂക്കയുടെ പ്രായമെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നു. ഭൂമി ഉണ്ടായി അധികം വൈകാതെ തന്നെ ജീവനുമുണ്ടായി എന്ന നിഗമനത്തിലേക്കാണ് കണ്ടെത്തല്‍ എത്തിച്ചേരുന്നത്. ലൂക്കയുടെ ജീവിതം എങ്ങനെയായിരുന്നിരിക്കാമെന്നതടക്കമുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ജീവജാലങ്ങളിലെ ജീനുകളെ താരതമ്യം ചെയ്യുകയും ലൂക്കയുമായി പൊതു പൂര്‍വ്വികനെ പങ്കിട്ടതിനുശേഷം സംഭവിച്ച മ്യൂട്ടേഷനുകള്‍ കണക്കാക്കുകയും ചെയ്താണ് പഠനം നടത്തിയത്. ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വേര്‍പിരിയല്‍ സമയത്തെ അടിസ്ഥാനമാക്കിയുള്ള ജനിതക സമവാക്യം ഉപയോഗിച്ചാണ് ലൂക്കക്ക് നിലവില്‍ കണക്കാക്കിയതിനേക്കാള്‍ പ്രായം കൂടുതലാണെന്ന് കണ്ടെത്തിയത്.
സ്പീഷീസുകള്‍ തമ്മിലുള്ള കൈമാറ്റം വഴിയാണ് ജീനുകളുടെ പരിണാമ ചരിത്രം സങ്കീര്‍ണ്ണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എഡ്മണ്ട് മൂഡി പറര്‍ഞ്ഞു. ലൂക്ക ലളിതമായ പ്രോകാരിയോട്ടായിരുന്നുവെങ്കിലും, അതിന് ഒരു രോഗപ്രതിരോധ സംവിധാനമുണ്ടായിരുന്നുവെന്നും വൈറസുകളുമായി പോരാടിയിരുന്നുവെന്നും പറയുന്നു.