കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരി. ശൂന്യമായ വെള്ളക്കടലാസില്‍ തന്നെകൊണ്ട് ഒപ്പിടിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു. തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പഴിചാരലിന് കൂടുതല്‍ ശക്തിപകര്‍ന്നിരിക്കുകയാണ് വിവാദ വെളിപ്പെടുത്തല്‍.
ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ഗ്രാമത്തിലെത്തിയപ്പോള്‍ പിയാലി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ പരാതികള്‍ ചോദിച്ചറിഞ്ഞു. 100 ദിവസത്തെ തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഞങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് താന്‍ പറഞ്ഞത്. അവര്‍ ശൂന്യമായ വെള്ളകടലാസില്‍ ഒപ്പിട്ടുവാങ്ങി. പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ച സ്ത്രീകളില്‍ താനുമുള്ളതായി പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് കിട്ടാനുള്ള പണം മാത്രമാണ് ആവശ്യം. മറ്റ് പരാതികളൊന്നുമില്ല. ബലാത്സംഗം നടന്നിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
പിയാലി സന്ദേശ്ഖാലിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ മരുമകള്‍ പറഞ്ഞു. ഇവിടെയുള്ള എല്ലാവരെക്കുറിച്ചും അവര്‍ക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. തുടക്കത്തില്‍, അവര്‍ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കുമായിരുന്നു. പിന്നീടാണ് പിയാലി ബി.ജെ.പിയില്‍ നിന്നാണെന്നറിയുന്നത്. തങ്ങളോട് കള്ളം പറഞ്ഞതിനും കുടുക്കിയതിനും അവര്‍ ശിക്ഷിക്കപ്പെടണമെന്നും ഇപ്പോള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും യുവതിയും കുടുംബവും പറഞ്ഞു.
സന്ദേശ്ഖാലിയില്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും നടന്നതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഒരു പ്രാദേശിക ബിജെപി നേതാവ് സമ്മതിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിഡിയോ വ്യാജമാണെന്നും തന്റെ ശബ്ദം എഡിറ്റ് ചെയ്തുപയോഗിച്ചതാണെന്നും ആരോപിച്ച് അദ്ദേഹം പരാതിയും നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.