മുല്ലപ്പെരിയാര്‍ ഡാം ഓരോ ദുരന്തത്തിന് ശേഷവും മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ചുള്ള ആശങ്ക കേരളത്തിന് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നുവരാറുണ്ട്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തിന്റെ ആഘാതം എത്ര കണ്ട് കേരളത്തില്‍ ഉണ്ടാകുമെന്നതിനെക്കുറിച്ചുള്ള ആലോചന പോലും നമ്മെ ഭയപ്പെടുത്തുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. ഓരോ മഴക്കാലത്തും മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. കാലവര്‍ഷത്തിനൊപ്പം കേരളത്തിന്റെ ആശങ്കയും കനക്കും.
1810 ല്‍ അന്നത്തെ മദിരാസി പ്രവിശ്യയില്‍പ്പെട്ട മഥുര ദിണ്ഡുക്കല്‍ ഡിവിഷനുകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം അനേകം പേര്‍ മരിക്കാനിടയായി. പ്രശ്നം ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായതോടെ പരിഹാരമായി കല്പിച്ചു കിട്ടിയ നിര്‍ദേശം വൈഗ നദിയിലെ ഒഴുക്ക് വര്‍ദ്ധിപ്പിച്ച് ആ മേഖലയിലെ കൃഷി മെച്ചപ്പെടുത്തുക എന്നതാണ്. 1837 ല്‍ മദിരാസി സംസ്ഥാനത്തെ തേനി, മഥുര, ദിണ്ഡുക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ വീണ്ടും ക്ഷാമം ഉണ്ടായി. ഇതോടെ ഭാവിയില്‍ ക്ഷാമം ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന് മനസ്സിലാക്കിയ കമ്പനി അതിനുള്ള പരിപാടികള്‍ ആരംഭിച്ചു. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ വറ്റിവരണ്ട് കിടക്കുന്ന വൈഗ നദിയെ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു അവരുടെ ആദ്യത്തെ കടമ്പ.
ആ സമയത്ത് തിരുവിതാംകൂറില്‍ പെരിയാര്‍ നദി നിറഞ്ഞ് വെള്ളത്തോടെ ഒഴുകുകയാണ്. പെരിയാര്‍ നദിയിലെ വെള്ളം അറബിക്കടലിലേക്ക് ഒഴുകി പാഴാകുകയാണല്ലോ എന്ന ചര്‍ച്ചയും ഉണ്ടായി. ആ വെള്ളം എങ്ങനെയെങ്കിലും വൈഗ നദിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ പകുതി പ്രശ്‌നം ഇല്ലാതാകുമെന്ന ചര്‍ച്ചകളും സജീവമായി. തമിഴ്‌നാട്ടിലെ രാമനാട് മുത്തുരാമ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന ഉദിരുപിള്ളയാണ് ഇങ്ങനെയൊരു ആശയം ആദ്യം മുന്നോട്ട് വെച്ചതെന്നാണ് ചരിത്രം പറയുന്നത്. 129 വര്‍ഷം പഴക്കമുള്ള, ചുണ്ണാമ്പ് മിശ്രിതം ചേര്‍ത്ത് നിര്‍മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
എന്നാല്‍ വര്‍ത്തമാന കാലത്തില്‍ ഒരേ സമയം തമിഴ്നാടിന് കുടിവെള്ളവും കേരളത്തിന് മുകളില്‍ ജലബോംബുമായും മുല്ലപ്പെരിയാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. പരമാവധി 60 വര്‍ഷം ആയുര്‍ദൈര്‍ഘ്യം പറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന് പാട്ടക്കരാറായി കൊടുത്തത് 999 വര്‍ഷത്തേക്കാണ്. അതൊക്കെ പിന്നിട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഏതു നിമിഷവും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നത് പൊയ് വാക്കല്ല. മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാല്‍ കേരളത്തിന് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം.
മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാല്‍ അത് വലിയ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ വരെ തകര്‍ച്ചയ്ക്ക് ഇത് കാരണമായേക്കാം. മുല്ലപ്പെരിയാര്‍ ഏതെങ്കിലും തരത്തില്‍ തകര്‍ച്ചയിലേക്ക് പോയാല്‍ വെള്ളവും കല്ലും ചെളിയും അടക്കം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടിലേക്ക് കുതിച്ചൊഴുകും. ഏതാണ്ട് 45 മിനിട്ടില്‍ വെള്ളം ഇടുക്കി ഡാമിലെത്തുമെന്നാണ് പറയുന്നത്.
താങ്ങാനാകാത്ത വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നതോടെ ഡാം തകര്‍ച്ചയിലേക്ക് പോകാം. ഇടുക്കി തകര്‍ന്നാല്‍ അതിന് താഴെയുള്ള ചെറുതും വലുതുമായ 11 അണക്കെട്ടുകള്‍ക്കും നാശം സംഭവിക്കാം. ഡാം പൊട്ടിയുണ്ടാകുന്ന വെള്ളം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിലേക്കാണ് ഒഴുകിയെത്തുക. ഇത് വന്‍ നാശത്തിന് വഴിവെക്കുമെന്നുറപ്പാണ്. കാലാവസ്ഥയുടെ മാറ്റത്തിനൊപ്പം പ്രകൃതിയില്‍ വന്നിരിക്കുന്ന വൃതിയാനങ്ങളും കേരളത്തിനുമേല്‍ വന്‍ ദുരന്തത്തിന്റെ മുഴക്കങ്ങളാണ് മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്നത്.
തമിഴ്‌നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കത്തക്കവിധം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകത്തില്‍ തന്നെ നിലവില്‍ ഉയരം കൂടിയതും ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ ഡാം. പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്.
എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതില്‍ ഏറ്റവും അധികം എതിര്‍പ്പ് തമിഴ്‌നാടിനാണ്. പല കാര്യങ്ങളിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ഇടയില്‍ വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാമിന്റെ കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ കേരള സര്‍ക്കാരിന് എന്തുകൊണ്ട് ആകുന്നില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
റിപ്പോർട്ടർ ; മിന്നു വിൽസൺ